ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപകരണങ്ങളുടെ സഹായത്തോടെ ആധുനിക അധ്യാപന രീതികളുമായി യുഎഇയിൽ അധ്യാപകർക്ക് പ്രത്യേക പരിശീലന പദ്ധതി ആരംഭിച്ചു. ‘അഫാഖ്: എംപവറിങ് എജ്യുക്കേറ്റേഴ്സ് വിത്ത് എഐ ടെക്നോളജീസ്’ എന്ന പേരിലാണ് പരിശീലനം. എമിറേറ്റ്സ് കോളജ് ഫോർ അഡ്വാൻസ്ഡ് എജ്യുക്കേഷനുമായി സഹകരിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയമാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
വ്യക്തിഗതവും നൂതനവുമായ വിദ്യാഭ്യാസ ഉള്ളടക്കം രൂപകൽപന ചെയ്യുന്നതിന് ആവശ്യമായ അറിവും ഉപകരണങ്ങളും പരിശീലനവും നൽകി അധ്യാപകരെ സജ്ജമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സമകാലിക പഠന പരിതസ്ഥിതികളിൽ നിർമിത ബുദ്ധി എങ്ങനെ ഫലപ്രദമായി ഉൾപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള പ്രായോഗിക പരിജ്ഞാനം അധ്യാപകർക്ക് നൽകും.
പാഠ്യപദ്ധതി, മൂല്യനിർണയ രീതികൾ, ക്ലാസ് റൂം ഇടപെടൽ എന്നിവ മെച്ചപ്പെടുത്തുന്നതിന് വളർന്നുവരുന്ന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താൻ കഴിവുള്ള പുതുതലമുറ അധ്യാപകരെ വാർത്തെടുക്കാനും ഇതുവഴി സാധിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് നിർമിത ബുദ്ധിയുടെയും എഐ വിദ്യാഭ്യാസ ആപ്ലിക്കേഷനുകളുടെയും അടിസ്ഥാനതത്വങ്ങൾ പരിശീലിപ്പിക്കും. ആദ്യഘട്ടത്തിൽ 500 അധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.
അധ്യാപകർക്ക് പകരക്കാരനായി നിർമിത ബുദ്ധിയെ കാണരുതെന്നും മറിച്ച് വിദ്യാർഥികളുടെ വിമർശനാത്മക ചിന്ത, സർഗാത്മകത, കഴിവുകൾ എന്നിവ മെച്ചപ്പെടുത്താനുള്ള പിന്തുണ ഉപകരണമായി എഐയെ കാണണമെന്നും പറഞ്ഞു. ആഗോള സാങ്കേതിക മുന്നേറ്റങ്ങൾക്ക് അനുസൃതമായി അധ്യാപന, പഠന രീതികൾ നവീകരിക്കുന്നതിന്റെ ഭാഗമായി പുതിയ എഐ പാഠ്യപദ്ധതി പുറത്തിറക്കുന്നതിനോടനുബന്ധിച്ചാണ് അധ്യാപക പരിശീലനം ആരംഭിച്ചത്.
വിദ്യാഭ്യാസ രംഗത്ത് എഐയുടെ സ്വാധീനം വർധിച്ചുവരുമ്പോൾ സ്മാർട്ട് സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിക്കാൻ അധ്യാപകർ തയാറാണെന്ന് ഉറപ്പാക്കുന്നതിലൂടെ വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താനും സാധിക്കുമെന്നും മന്ത്രാലയം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
ഓരോ വിദ്യാർഥിയുടെയും പഠന നിലവാരം മനസ്സിലാക്കി അധിക പിന്തുണ ആവശ്യമുള്ള വിദ്യാർഥികളെ തിരിച്ചറിയാൻ എഐ സഹായിക്കും. ഓഗ് മെന്റഡ്, വെർച്വൽ റിയാലിറ്റി പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പഠനം ആസ്വാദ്യകരമാക്കാനും എഐ ഉപയോഗിക്കാം. ആശയവിനിമയവും ഉച്ചാരണവും ഭാഷാ പരിജ്ഞാനവും മെച്ചപ്പെടുത്താനും എഐ സഹായിക്കുന്നു.
വിദ്യാർഥികളുടെ വ്യക്തിഗത ഡേറ്റ സംരക്ഷിക്കുന്നതും ഉത്തരവാദിത്തമുള്ള ഡേറ്റകളുടെ ഉപയോഗം ഉറപ്പാക്കുന്നതും എഐ സംവിധാനം ഗുണം ചെയ്യും. ഉത്തരവാദിത്തത്തോടെയും ഫലപ്രദമായും എഐ ഉപയോഗിക്കുന്നതിന് അധ്യാപകർക്കും വിദ്യാർഥികൾക്കും ശരിയായ പരിശീലനം ആവശ്യമാണെങ്കിലും നിർമിത ബുദ്ധിയെ അമിതമായി ആശ്രയിക്കുന്നത് ക്ലാസ് മുറികളിലെ മനുഷ്യ ഇടപെടൽ കുറയ്ക്കുമെന്നും അധ്യാപകരെ ഓർമിപ്പിക്കുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

