യുഎഇയിലെ സ്കൂൾ പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധിയിൽ സുപ്രധാന മാറ്റം വരുന്നു. 2026-27 അധ്യയന വർഷം മുതൽ കെ.ജി, ഗ്രേഡ്-1 ക്ലാസുകളിൽ പ്രവേശനം നേടുന്ന കുട്ടികളുടെ പ്രായം കണക്കാക്കുന്ന രീതിയിലാണ് മാറ്റം വരുത്തിയത്. പുതിയ തീരുമാനപ്രകാരം പ്രവേശനം നേടുന്ന വർഷം ഡിസംബർ 31 നകം നിശ്ചിത പ്രായം തികയുന്ന കുട്ടികൾക്ക് സ്കൂളുകളിൽ ചേരാം. നിലവിൽ ഇത് ഓഗസ്റ്റ് 31 ആയിരുന്നു.
ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസങ്ങളിൽ അധ്യയനം ആരംഭിക്കുന്ന സ്കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കുമാണ് പുതിയ നിയമം ബാധകമാകുക. എന്നാൽ ഏപ്രിലിൽ ക്ലാസുകൾ തുടങ്ങുന്ന സ്കൂളുകളിൽ നിലവിലുള്ള മാർച്ച് 31 എന്ന കട്ട്-ഓഫ് തീയതിയിൽ മാറ്റമുണ്ടാകില്ല. പുതിയ അഡ്മിഷൻ എടുക്കുന്നവർക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക. നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ ഈ മാറ്റം ബാധിക്കില്ല.
വിദേശത്തുനിന്ന് വരുന്നവർക്കും മറ്റ് സ്കൂളുകളിൽ നിന്ന് ട്രാൻസ്ഫർ ആയി എത്തുന്നവർക്കും അവർ അവസാനമായി പൂർത്തിയാക്കിയ ക്ലാസിന്റെയും അക്കാദമിക് യോഗ്യതയുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നൽകുക. രാജ്യാന്തര നിലവാരത്തിനൊപ്പം വിദ്യാഭ്യാസ നയങ്ങൾ ക്രമീകരിക്കുന്നതിനും പ്രവേശന നടപടികളിലെ അസമത്വം ഒഴിവാക്കുന്നതിനുമാണ് ഈ പരിഷ്കാരം നടപ്പിലാക്കുന്നത്.
∙ പുതിയ പ്രായപരിധി
പ്രീ-കെ.ജി അഥവാ എഫ്.എസ്-1 ക്ലാസുകളിൽ ചേരാൻ ഡിസംബർ 31-നകം മൂന്ന് വയസ്സ് തികയണം. കെ.ജി-1 അല്ലെങ്കിൽ എഫ്.എസ്-2 പ്രവേശനത്തിന് നാല് വയസ്സും കെ.ജി-2 അല്ലെങ്കിൽ ഇയർ-1 പ്രവേശനത്തിന് അഞ്ച് വയസ്സുമാണ് വേണ്ടത്. ഒന്നാം ഗ്രേഡിൽ (ഇയർ-2) ചേരുന്ന കുട്ടികൾക്ക് ആറ് വയസ്സ് തികഞ്ഞിരിക്കണം. ബ്രിട്ടിഷ്, ഫ്രഞ്ച്, അമേരിക്കൻ ഉൾപ്പെടെയുള്ള എല്ലാ കരിക്കുലങ്ങൾക്കും ഈ പ്രായപരിധി ബാധകമാണ്.
കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയെക്കുറിച്ചും പഠനനിലവാരത്തെക്കുറിച്ചും നടത്തിയ വിപുലമായ പഠനത്തിന് ശേഷമാണ് യുഎഇ ഈ തീരുമാനമെടുത്തത്. നേരത്തെ ഓഗസ്റ്റ് 31 എന്ന കട്ട്-ഓഫ് നിശ്ചയിച്ചിരുന്നപ്പോൾ ഒക്ടോബർ, നവംബർ മാസങ്ങളിൽ ജനിച്ച കുട്ടികൾക്ക് പ്രവേശനം ലഭിക്കാൻ ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വന്നിരുന്നു. ഈ ബുദ്ധിമുട്ട് ഒഴിവാക്കണമെന്ന് രക്ഷിതാക്കൾ ദീർഘകാലമായി ആവശ്യപ്പെട്ടിരുന്നു. 39,000 വിദ്യാർഥികളുടെ പഠനനിലവാരം പരിശോധിച്ചതിൽ നിന്നും നേരത്തെ സ്കൂളിൽ ചേരുന്നത് കുട്ടികളുടെ പഠനത്തെ ദോഷകരമായി ബാധിക്കുന്നില്ലെന്ന് വ്യക്തമായതും പുതിയ തീരുമാനത്തിന് കരുത്തേകി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

