എമിറേറ്റിൽ യാചകർക്കെതിരെ നടപടി കർശനമാക്കി ദുബൈ പൊലീസ്. റമദാൻ ആദ്യദിനമായ തിങ്കളാഴ്ച മാത്രം 17പേരെ വിവിധ ഭാഗങ്ങളിൽ നിന്നായി പൊലീസ് പിടികൂടി. വിശുദ്ധ മാസത്തിൽ ഭിക്ഷാടനം നിയന്ത്രിക്കുന്നതിന് പൊലീസ് ‘യാചനക്കെതിരെ പൊരുതുക’ എന്ന കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ദുബൈ ആവിഷ്കരിച്ച കാമ്പയിൻ ഭാഗമായുള്ള പരിശോധനയിലാണ് 17പേർ പിടിയിലായത്. ഇവരിൽ 13പേർ പുരുഷൻമാരും നാലുപേർ സ്ത്രീകളുമാണെന്ന് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിലെ കേണൽ അലി സാലിം അൽ ശംസി അറിയിച്ചു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതോടെ കഴിഞ്ഞ കാലയളവിൽ ഭിക്ഷാടകരുടെ എണ്ണത്തിൽ കുറവുണ്ടായതായും അദ്ദേഹം അറിയിച്ചു
ഭിക്ഷാടകർ സാധാരണ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളിൽ പൊലീസ് പരിശോധനയും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. സാമൂഹിക സുരക്ഷയെയും രാജ്യത്തിന്‍റെ പ്രതിച്ഛായയെയും ബാധിക്കുന്നതിനാലാണ് യാചനക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരുന്നത്. മോഷണം, കുട്ടികളെയും രോഗികളെയും ചൂഷണം ചെയ്യൽ എന്നീ കുറ്റകൃത്യങ്ങളും ഇതുമായി ബന്ധപ്പെട്ട് കണ്ടെത്താറുണ്ട്. സാമ്പത്തിക സഹായം ആവശ്യമുള്ളവർക്കു പുറമെ ഇഫ്താർ ഭക്ഷണത്തിനായി ഔദ്യോഗിക സംവിധാനങ്ങളും ജീവകാരുണ്യ സംരംഭങ്ങളും പ്രവർത്തിക്കുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി. യു.എ.ഇ ഫെഡറൽ നിയമപ്രകാരം ഭിക്ഷാടനം ശിക്ഷാർഹമായ പ്രവൃത്തിയാണ്. സംഭാവനകൾ അർഹരായ ദരിദ്രരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് ചാരിറ്റബിൾ സംഘടനകളെ സമീപിക്കണം. സഹതാപത്തിന്‍റെ അടിസ്ഥാനത്തിൽ യാചകരെ പ്രോൽസാഹിപ്പിക്കരുതെന്നും പൊലീസ് നിർദേശിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

