രാജ്യത്തിൻറെ മലയോര പ്രദേശങ്ങളിൽ തുടർച്ചയായ മൂന്നാം ദിവസവും മഴ ലഭിച്ചു. ഫുജൈറ, റാസൽഖൈമ, ഷാർജ എമിറേറ്റുകളിലെ വ്യത്യസ്ത സ്ഥലങ്ങളിലാണ് ചൂടിന് ആശ്വാസം പകർന്ന് മഴ ലഭിച്ചത്.മഴയെ തുടർന്ന് രാജ്യത്താകമാനം താപനിലയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിൻറെ വടക്കുകിഴക്കൻ മേഖലകളായ ഫുജൈറയിലെ വാദി അൽ സിദ്ർ, ഷാർജയിലെ ഖോർഫക്കാൻ, വാദി ശീസ്, റാസൽഖൈമയിലെ മസാഫി എന്നിവിടങ്ങളിലാണ് മൂന്നു ദിവസങ്ങളിലായി ഏറിയും കുറഞ്ഞും മഴ ലഭിച്ചത്. പലയിടങ്ങളിലും മഴയെ തുടർന്ന് മലയടിവാരങ്ങളിൽ വെള്ളം കുത്തിയൊലിച്ചത് സഞ്ചാരികൾക്ക് കാഴ്ചയായി.
മഴ സാധ്യത കണക്കിലെടുത്ത് നേരത്തേ മേഖലയിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ, ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു.രാജ്യത്ത് ഞായറാഴ്ച ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് ഷാർജയിലെ ദൈദിലാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടെ ഉച്ചക്ക് രണ്ടിന് 43 ഡിഗ്രിയായിരുന്നു താപനില. കഴിഞ്ഞ ആഴ്ച 50 ഡിഗ്രിയും കടന്ന് ചൂട് വർധിച്ചിരുന്നു. മഴ ലഭിച്ചതോടെ രാജ്യത്താകമാനം ചൂടിന് ആശ്വാസമായിട്ടുണ്ട്. തിങ്കളാഴ്ചയും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ മഴ പ്രവചിക്കുന്നുണ്ട്. രാജ്യത്തിൻറെ കിഴക്കൻ, വടക്കൻ മേഖലകളിലാണ് മഴ പ്രതീക്ഷിക്കുന്നത്.
അതേസമയം നാളെ മുതൽ ഘട്ടംഘട്ടമായി താപനില ഉയരാനും സാധ്യതയുണ്ട്. തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥയാണ് പ്രവചിക്കപ്പെടുന്നത്. ചില തീരദേശ, ഉൾപ്രദേശങ്ങളിൽ പ്രത്യേകിച്ച് രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. തിങ്കളാഴ്ച മണിക്കൂറിൽ 35 കി.മീറ്റർ വരെ വേഗത്തിൽ കാറ്റ് പ്രതീക്ഷിക്കുന്നതിനാൽ പകൽ സമയത്ത് പൊടിക്കാറ്റിന് സാധ്യതയുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

