ലോകത്താകമാനം വിദ്യാഭ്യാസ സഹായമെത്തിക്കുന്നതിന് രൂപപ്പെടുത്തിയ ‘മദേഴ്‌സ് എൻഡോവ്‌മെൻറ്’ പദ്ധതിയിലേക്ക് ഇതിനകം ലഭിച്ചത് 140 കോടി ദിർഹം. റമദാനിൽ 100 കോടി ദിർഹമിൻറെ വിദ്യാഭ്യാസ ഫണ്ട് സ്വരൂപിക്കാനുള്ള പദ്ധതിയാണ് ആഴ്ചകൾക്കകം ലക്ഷ്യം മറികടന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച പദ്ധതി വഴി നിരവധി പദ്ധതികൾ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ വർഷത്തെ റമദാനിന് മുന്നേടിയായാണ് പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. വിവിധ ജീവകാരുണ്യ സംരംഭങ്ങളുമായി ചേർന്നാണ് ദുർബല സമൂഹങ്ങൾക്കുവേണ്ടി വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുക. ഫണ്ട് ശേഖരണം ടാർഗറ്റ് മറികടന്നത് ശൈഖ് മുഹമ്മദ്, എക്‌സ് അക്കൗണ്ട് വഴിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
റമദാനിൻറെ അവസാന ദിനങ്ങളിലേക്ക് കടക്കുമ്പോൾ, മാതാക്കളെ ആദരിക്കുന്നതിനായി പ്രഖ്യാപിച്ച സംരംഭം പൂർണതയിലെത്തിക്കാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു. മാതാക്കൾ സമൂഹത്തിൽ നിർവഹിക്കുന്ന ദൗത്യത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ‘മദേഴ്‌സ് എൻഡോവ്‌മെൻറ്’ എന്ന പദ്ധതിക്ക് തുടക്കംകുറിച്ചത്. ജനങ്ങൾക്ക് അവരുടെ മാതാക്കളുടെ പേരിൽ സംഭാവന ചെയ്യാനാണ് കാമ്പയിൻ സൗകര്യമൊരുക്കുന്നത്. യു.എ.ഇ ആരംഭിച്ച മുൻകാല ചാരിറ്റി, മാനുഷിക സംരംഭങ്ങളുടെ വിജയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കാമ്പയിൻ. റമദാനിലെ രണ്ടാഴ്ചയിൽ 77 കോടി ദിർഹം സമാഹരിച്ച പദ്ധതി, പിന്നീടുള്ള ഒരാഴ്ചക്കിടെയാണ് ഇരട്ടിയോളം ഫണ്ട് കൂടി നേടിയത്. യു.എ.ഇയിലെ നിരവധി വ്യവസായികളും സംരംഭങ്ങളും സ്ഥാപനങ്ങളും കാമ്പയിനിൻറെ ഭാഗമായി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

