എമിറേറ്റിന്റെ ഭരണാധികാരത്തിൽ രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കിയ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് ആദരവും ആശംസകളുമായി യു.എ.ഇ ഭരണാധികാരികൾ. ശൈഖ് മുഹമ്മദിന്റെ കാഴ്ചപ്പാടുകൾ രാജ്യത്തിന്റെ വളർച്ചയെ മുന്നോട്ടുനയിക്കുന്നത് തുടരുമെന്ന് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. 20 വർഷമായി നമ്മുടെ സർക്കാറിന് നേതൃത്വം നൽകുന്ന എന്റെ സഹോദരൻ ശൈഖ് മുഹമ്മദ് ബിൻ റാശിദിനെ ആദരിച്ച് അദ്ദേഹത്തിന്റെ നിർണായകമായ നേട്ടങ്ങളെയും ദീർഘദൃഷ്ടിയുള്ള കാഴ്ചപ്പാടുകളെയും നാം ആഘോഷിക്കുകയാണ്. നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും പുരോഗതിക്കും വികസനത്തിനും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുന്ന അദ്ദേഹത്തെ ദൈവം സംരക്ഷിക്കട്ടെ -പ്രസിഡന്റ് കുറിച്ചു.
രണ്ട് പതിറ്റാണ്ടിന്റെ നേതൃത്വത്തിന് അഭിനന്ദനമറിയിച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും സാമൂഹിക മാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചു. നന്ദി, മുഹമ്മദ് ബിൻ റാശിദ്. നിങ്ങൾ എപ്പോഴും ഞങ്ങൾ ഉറ്റുനോക്കുന്ന പിതാവും നേതാവും പ്രചോദനത്തിന്റെ ഉറവിടവുമായിരിക്കും. അചഞ്ചലമായ ദൃഢനിശ്ചയത്തോടെ, നിങ്ങൾ രാജ്യത്തിന്റെ അഭിമാനകരമായ ഒരു പാരമ്പര്യം കെട്ടിപ്പടുത്തു, അതിന്റെ പുരോഗതിയെ നയിക്കുകയും ഓരോ ഘട്ടത്തിലും പ്രതീക്ഷക്ക് പ്രചോദനം നൽകുകയും ചെയ്തു. മനുഷ്യശേഷിയെ രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തായി അംഗീകരിച്ചുകൊണ്ട്, യു.എ.ഇയിലെ ജനങ്ങളിൽ നിങ്ങൾ എപ്പോഴും വിശ്വസിച്ചു- ശൈഖ് ഹംദാൻ കുറിച്ചു.
യു.എ.ഇ വൈസ്പ്രസിഡൻറും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, സുപ്രീംകൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി, ദുബൈ ഒന്നാം ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ, ദുബൈ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബൈ എയർപോർട്സ് ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം, അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി തുടങ്ങി പ്രമുഖരും സാമൂഹിക മാധ്യമങ്ങളിൽ ആശംസാസന്ദേശങ്ങൾ കുറിച്ചു.
യു.എ.ഇ വൈസ്പ്രസിഡന്റായും പ്രധാനമന്ത്രിയായും ദുബൈ ഭരണാധികാരിയായും രാജ്യത്തെ മുന്നോട്ടുനയിക്കുന്ന ശൈഖ് മുഹമ്മദ് 2006 ജനുവരി നാലിനാണ് സഹോദരൻ ശൈഖ് മക്തൂം ബിൻ റാശിദിന്റെ നിര്യാണത്തെ തുടർന്ന് ഭരണാധികാരം ഏറ്റെടുത്തത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

