ബലി പെരുന്നാൾ അവധിക്ക് ശേഷം യുഎഇ ഉണർന്നു; സർക്കാർ ഓഫിസുകളിലും സ്‌കൂളുകളിലും പ്രവർത്തനം പുനരാരംഭിച്ചു

ബലി പെരുന്നാളിന്റെ ഔദ്യോഗിക അവധി ദിവസങ്ങൾക്കുശേഷം യുഎഇയിൽ സർക്കാർ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും വിദ്യാലയങ്ങളും ഇന്ന്(9) മുതൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു. നാല് ദിവസത്തെ പെരുന്നാൾ ആഘോഷത്തിന് ശേഷം ജീവനക്കാർ രാവിലെ തന്നെ ജോലിക്കും വിദ്യാർഥികൾക്ക് സ്‌കൂളുകളിലേക്കും തിരികെ എത്തി.

അബുദാബി, ദുബായ്, ഷാർജ തുടങ്ങിയ പ്രധാന എമിറേറ്റുകളിലുടനീളം പൊതു സ്ഥാപനങ്ങളിലും മുനിസിപ്പാലിറ്റികളിലും സേവന കേന്ദ്രങ്ങളിൽ രാവിലെ മുതൽ വൻ തിരക്കാണ് കാണപ്പെട്ടത്. എങ്കിലും തൊഴിൽ മേഖലകളിലും സ്വകാര്യ സ്ഥാപനങ്ങളിലും കൂടുതൽ സജീവമായ പ്രവർത്തനം നാളെ മുതൽ നടക്കുമെന്നാണ് വിലയിരുത്തൽ.

രാജ്യത്തെ വിവിധ സർക്കാർ വകുപ്പ് തലവന്മാർ ജീവനക്കാരെ സ്വാഗതം ചെയ്തു. പെരുന്നാൾ അവസാനിച്ചതിന്റെ പിന്നാലെ സംയമനത്തോടെയും പ്രവർത്തനക്ഷമതയോടെയും സേവനമേഖലയിൽ മെച്ചപ്പെടുത്തലുകൾ കൊണ്ടുവരാൻ തയ്യാറാകണമെന്നും അവർ അറിയിച്ചു.

അവധിക്കാലത്ത് നാട്ടിലേക്കോ വിദേശയാത്രയ്‌ക്കോ പോയ പ്രവാസികൾ ഇന്നലെ രാത്രി മുതൽ തിരിച്ചെത്തിതായി വിമാനത്താവള വിവരങ്ങൾ സൂചിപ്പിക്കുന്നു. മടക്ക ടിക്കറ്റിനും വൻ നിരക്കാണെന്നതിനാൽ ഈയാഴ്ച അവസാനത്തോടെ മാത്രമേ കൂടുതൽ പേരെത്തുകയുള്ളൂ. എന്നാൽ സ്‌കൂളുകളിൽ ഹാജർ നില കർശനമാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply