ബലിപെരുന്നാൾ; 963 തടവുകാർക്ക് മോചനം പ്രഖ്യാപിച്ച് യുഎഇ പ്രസിഡൻറ്

ബലിപെരുന്നാളിനോട് അനുബന്ധിച്ച് 963 തടവുകാർക്ക് മോചനം പ്രഖ്യാപിച്ച് യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്ന പല രാജ്യക്കാരായ തടവുകാർക്കാണ് മോചനം ലഭിക്കുന്നത്. ഇവരുടെ സാമ്പത്തിക ബാധ്യതകൾ സർക്കാർ ഏറ്റെടുക്കും.

തടവുകാരെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്താനുള്ള മാനുഷിക സമീപനത്തിൻറെ ഭാഗമായാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു. കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്താനും സമൂഹത്തിൽ ക്ഷമയും കരുണയും വളർത്താനുമുള്ള പ്രതിജ്ഞാബദ്ധതയാണ് യുഎഇ പ്രസിഡൻറിൻറെ ഈ തീരുമാനത്തിലൂടെ പ്രകടമായത്.

യുഎഇയിൽ നാല് ദിവസത്തെ അവധിയാണ് ബലിപെരുന്നാളിനോട് അനുബന്ധിച്ച് ലഭിക്കുക. ദുൽഹജ്ജ് 9 മുതൽ 12 വരെയാണ് അവധി ലഭിക്കുക. ഇതനുസരിച്ച് ജൂൺ 5 വ്യാഴാഴ്ച മുതൽ ജൂൺ എട്ട് വരെയാണ് പൊതുമേഖലാ ജീവനക്കാർക്ക് അവധി ലഭിക്കുക. ജൂൺ 9 തിങ്കളാഴ്ച മുതൽ പ്രവൃത്തി ദിവസം പുനരാരംഭിക്കും. മാസപ്പിറവി ദൃശ്യമായതിൻറെ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളിൽ ജൂൺ 6നാണ് ബലിപെരുന്നാൾ.

Leave a Reply