ബലിപെരുന്നാൾ ഒരുക്കം; പരിശോധനകൾ സജീവം

ബലി പെരുന്നാൾ അവധി ദിനങ്ങൾക്ക് മുന്നോടിയായി പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി പരിശോധനകൾ സജീവമാക്കി ദുബൈ മുനിസിപ്പാലിറ്റി. ഭക്ഷ്യ സുരക്ഷ, പരിസ്ഥിതി, പൊതു സുരക്ഷ എന്നിവയുൾപ്പെടെ പ്രധാന രംഗങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി എമിറേറ്റിൽ ഏകദേശം 150 പ്രത്യേക ഇൻസ്‌പെക്ടർമാരെയും ഫീൽഡ് മോണിറ്റർമാരെയും വിന്യസിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ആഘോഷങ്ങളുടെ മുന്നോടിയായി ഭക്ഷ്യസുരക്ഷ വകുപ്പിലെ ഫീൽഡ് ടീമംഗങ്ങൾ മാർക്കറ്റുകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഇറച്ചിക്കടകൾ, ഷോപ്പിങ് സെന്ററുകൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിൽ സമഗ്രമായ പരിശോധനകൾ നടത്തിവരുകയാണ്. ഈദ് ആഘോഷ വേളയിൽ ഭക്ഷണം കൈകാര്യം ചെയ്യുന്നതിന്റെ എല്ലാ ഘട്ടങ്ങളിലും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലാണ് പരിശോധനകൾ ലക്ഷ്യമിടുന്നത്.

മുനിസിപ്പാലിറ്റിയുടെ പരിശോധന ഹോട്ടലുകൾ, സലൂണുകൾ, ബ്യൂട്ടി സെന്ററുകൾ, ഷീഷ കഫെകൾ, വിനോദ കേന്ദ്രങ്ങൾ, സിനിമാശാലകൾ, ലേബർ അക്കോമഡേഷനുകൾ, കമ്യൂണിറ്റി ലേബർ മാർക്കറ്റുകൾ എന്നിവിടങ്ങളിലും നടക്കും. സ്ഥാപനങ്ങളുടെ പരിശോധനകൾക്ക് പുറമെ, പ്രാദേശിക വിപണികളിലും റീട്ടെയിൽ ഔട്ട്ലെറ്റുകളിലും വിൽക്കുന്ന ഉൽപന്നങ്ങളുടെ സുരക്ഷ നിരീക്ഷിക്കുന്നതിനായി മുനിസിപ്പാലിറ്റി പ്രത്യേക കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.

പെരുന്നാൾ സമയത്ത് ആവശ്യം വളരെ കൂടുതലായതിനാലാണ് ഉൽപന്നങ്ങൾ ആരോഗ്യ, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത്. എമിറേറ്റിലെ അറവുശാലകൾ ഉയർന്ന പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് കഴിഞ്ഞ മാസം ദുബൈ മുനിസിപ്പാലിറ്റി വ്യക്തമാക്കിയിരുന്നു. കരീം, നൂൺ തുടങ്ങിയ റീടെയ്ൽ ഷോപ്പിങ് ആപ്പുകളിൽ ബലിയറുക്കാനുള്ള മൃഗങ്ങളെ ഓർഡർ ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.

പെരുന്നാൾ അവധി ദിനങ്ങളിൽ പരാതികളും റിപ്പോർട്ടുകളും സ്വീകരിക്കാൻ ദുബൈ മുനിസിപ്പാലിറ്റി സന്നദ്ധമായിരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷ, പാരിസ്ഥിതിക സാഹചര്യങ്ങൾ, പൊതുജനാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ ‘ദുബൈ24/7’ സ്മാർട്ട് ആപ് വഴിയോ മുനിസിപ്പാലിറ്റിയുടെ ഹോട്ട്ലൈനിൽ 800 900 എന്ന നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യാം.

Leave a Reply