ഒരിടവേളയ്ക്ക് ശേഷം ഫുജൈറ രാജ്യാന്തരവിമാനത്താവളം പാസഞ്ചർ സർവീസിനായി തുറന്നു. ഒമാന്റെ സലാം എയർ ഇന്നലെ ഉദ്ഘാടന സർവീസ് നടത്തി. തിരുവനന്തപുരം ഉൾപ്പെടെ 39 നഗരങ്ങളിലേക്ക് സലാം എയർ ഫുജൈറയിൽ നിന്നു സർവീസ് നടത്തും. മസ്‌കത്ത് വഴി ജയ്പൂർ, ലക്നൗ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയിലേക്കുളള സർവീസ്.തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 9.40 നും രാത്രി 8.10 നും ഫുജൈറയിൽ നിന്ന് മസ്‌കത്തിലേക്ക് വിമാനം പുറപ്പെടും. ടാൻസിറ്റിന് ശേഷം രാത്രി 10.55 ന് മസ്‌കത്തിൽ നിന്ന് പുറപ്പെടുന്ന വിമാനത്തിൽ പുലർച്ചെ 3.45 ന് തിരുവനന്തപുരത്ത് എത്താം. നിലവിൽ 450 ദിർഹമാണ് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് നിരക്ക്.
മസ്‌കത്തിൽ നിന്ന് ഫുജൈറയിലേക്ക് വരുന്ന വിമാനങ്ങൾ രാവിലെ എട്ടിനും, വൈകുന്നേരം ആറരക്കുമാണ് പുറപ്പെടുക. മുപ്പതോളം യാത്രക്കാരുമായി മസ്‌കത്തിൽ നിന്ന് എത്തിയ ആദ്യവിമാനം വിവിധ നഗരങ്ങളിലേക്കുള്ള നൂറോളം യാത്രക്കാരുമായാണ് തിരിച്ചുപറന്നത്. ഫുജൈറ വിമാനത്തിൽ നിന്ന് ആരംഭിക്കുന്ന അന്താരാഷ്ട്ര സർവീസ് യു എ ഇയിലെ വടക്കൻ എമിറേറ്റിലുള്ള പ്രവാസികൾക്ക് ഏറെ അനുഗ്രഹമാകും. ഫുജൈറയിൽ നിന്ന് കൂടുതൽ വിമാനങ്ങൾക്ക് പുറമേ, കേരളത്തിലേക്കടക്കം കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് സലാം എയർ സർവീസ് ആരംഭിക്കുമെന്ന് സി ഇ ഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ എയർലൈൻസ് ഫുജൈറയിൽ നിന്ന് സർവീസ് നടത്തിയിരുന്നു. എന്നാൽ 1999 ഓടെ അത് നിലച്ചു. പിന്നീട് ഭരണാധികാരികളുടെ വിമാനങ്ങളും ചരക്കുവിമാനങ്ങളും, പരിശീലന വിമാനങ്ങളുമാണ് ഫുജൈറയിലേക്ക് പറന്നിരുന്നത്. ഇടക്കാലത്ത് പാകിസ്ഥാനിലേക്കുള്ള ചില വിമാനങ്ങളും സർവീസ് നടത്തിയെങ്കിലും തുടരാനായില്ല.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

