ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വെടിക്കെട്ടിലൂടെ (62 മിനിറ്റ്) അഗ്നിപുഷ്പങ്ങൾ വിരിയിച്ചു സപ്ത എമിറേറ്റുകളുടെ സംഗമഭൂമിയായ യുഎഇ മണിക്കൂറുകളുടെ വ്യത്യാസത്തിൽ 2026നെ സ്വാഗതം ചെയ്തത് 7 തവണ. വിവിധ എമിറേറ്റുകളിലായി പതിനയ്യായിരത്തോളം ഡ്രോണുകളുടെ വിസ്മയ പ്രകടനങ്ങളും കലാവിരുന്നും പുതുവർഷ വരവേൽപ് അവിസ്മരണീയമാക്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ആളുകൾ നേരിട്ടും കോടിക്കണക്കിന് ആളുകൾ ലൈവായും പുതുവർഷപ്പുലരിയിലെ റെക്കോർഡ് പ്രകടനങ്ങൾക്കു സാക്ഷിയായി. വെൽക്കം 2026, ഹാപ്പി ന്യൂ ഇയർ, മർഹബ, അഹ്‌ലൻ വസഹ്‌ലൻ തുടങ്ങി വിവിധ ഭാഷകളിൽ കരിമരുന്നു പ്രകടനത്തിലൂടെയും ഡ്രോൺ ഷോയിലൂടെയും പുതുവർഷത്തെ സ്വാഗതം ചെയ്തതോടെ ആർപ്പുവിളിച്ചും കയ്യടിച്ചും ചൂളം വിളിച്ചും നൃത്തം ചെയ്തും മധുരം കൈമാറിയും സ്വദേശികളും മലയാളികൾ ഉൾപ്പെടെ വിദേശികളും ഹർഷാരവത്തോടെ പുതുവർഷത്തെ വരവേൽക്കുകയായിരുന്നു.
അബുദാബി അൽവത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലും റാസൽഖൈമയിലുമായിരുന്നു റെക്കോർഡ് ഭേദിക്കുന്ന വെടിക്കെട്ട് അരങ്ങേറിയത്. അബുദാബിയിൽ 62 മിനിറ്റും റാസൽഖൈമയിൽ 6 കി.മീ നീളത്തിൽ തുടർച്ചയായി 15 മിനിറ്റും വെടിക്കെട്ട് ഉതിർത്താണു പുതുവർഷപ്പുലരിയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ യുഎഇക്ക് തങ്കത്തിളക്കം സമ്മാനിച്ചത്.∙
ബുർജ് ഖലീഫയിൽ വെടിക്കെട്ടും ലേസർ ഷോയും
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലെ വെടിക്കെട്ടും ലേസർ ഷോയുമായിരുന്നു ഏറ്റവും കൂടുതൽ പേർ കണ്ട വിസ്മയ പ്രകടനം. 828 മീറ്റർ ഉയരത്തിൽ നിന്ന് അഗ്നിപുഷ്പങ്ങൾ പെയ്തിറങ്ങിയതു ജനങ്ങളെ ആവേശക്കൊടുമുടിയിലേക്ക് ഉയർത്തി.
ദുബായിൽ ആദ്യമായി പുതുവർഷം ആഘോഷിക്കുന്നവരും വർഷങ്ങളായി ആഘോഷത്തിൽ പങ്കെടുക്കുന്നവരും ഒരേ ആവേശത്തോടെയാണു മണിക്കൂറുകൾക്കു മുൻപ് ഡൗൺടൗൺ പ്രദേശങ്ങളിൽ സ്ഥാനം പിടിച്ചത്. ഇടതടവില്ലാതെ ദുബായ് മെട്രോ പ്രവർത്തിച്ചത് വാഹനമില്ലാത്തവർക്ക് ആഘോഷ സ്ഥലങ്ങളിൽ എത്താൻ സഹായകമായി. ഉച്ച മുതൽ മെട്രോയിലും വൻതിരക്കായിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

