ലോകത്തെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കുതിരയോട്ട മത്സരമായ ദുബൈ വേൾഡ് കപ്പിന്റെ 28ാമത് എഡിഷൻ ശനിയാഴ്ച ദുബൈ മെയ്ദാൻ റേസ്കോഴ്സിൽ നടക്കും. എല്ലാവർഷവും ലോകശ്രദ്ധ നേടാറുള്ള വേൾഡ് കപ്പിൽ ഇത്തവണ 14 രാജ്യങ്ങളിലെ 125 കുതിരകളാണ് പോരിനിറങ്ങുന്നത്. ആയിരക്കണക്കിന് കാണികളെയും രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രമുഖരെയും ഗാലറിയിൽ പ്രതീക്ഷിക്കുന്നുണ്ട്. ദുബൈ റേസിങ് ക്ലബ് ഒരുക്കുന്ന മൽസരത്തിലെ വിജയികളെ കാത്തിരിക്കുന്നത് 3.5 കോടി ഡോളറാണ്. ചാമ്പ്യൻ കുതിരയുടെ ഉടമക്ക് 1.2 കോടി ഡോളർ സമ്മാനമാണ് ലഭിക്കാറുള്ളത്.
മൽസരത്തിന്റെ സമാപന ചടങ്ങിന് മുമ്പില്ലാത്ത സംവിധാനങ്ങളാണ് സംഘാടകർ ഒരുക്കുന്നത്. ഏറ്റവും പുതിയ ഡ്രോൺ, ലേസർ, ലൈറ്റിങ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നടക്കുന്ന ഷോ ഗിന്നസ് വേൾഡ് റെക്കോർഡ് തകർക്കുന്ന രീതിയിലാണ് സംവിധാനിച്ചിരിക്കുന്നത്. എൽ.ഇ.ഡി ലൈറ്റുകൾക്കൊപ്പം 4,000 സ്പെഷ്യലൈസ്ഡ് ഡ്രോണുകൾ ഉപയോഗിച്ചാണ് ആകാശത്ത് വർണവിസ്മയം തീർക്കുന്ന ഷോ അരങ്ങേറുക. സമാപന ചടങ്ങ് മുമ്പത്തേക്കാളും മികച്ചതാക്കാനാണ് പദ്ധയിട്ടിരിക്കുന്നതെന്ന് ദുബൈ റേസിങ് ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മേജർ ജനറൽ ഡോ. മുഹമ്മദ് ഈസ അൽ അദാബ് പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

