ദുബൈ ടാക്സി സേവനങ്ങളിൽ 8 മില്യൺ ദിർഹം സമ്മാന പദ്ധതിയും പുതിയ സൗകര്യങ്ങളും

ദുബൈയിലെ ടാക്‌സി സേവനങ്ങൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) 28 സുപ്രധാന പദ്ധതികൾ നടപ്പിലാക്കി. ഇതിന്റെ ഭാഗമായി, സേവന നിലവാരം മെച്ചപ്പെടുത്തുന്നതിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടാക്‌സി ഡ്രൈവർമാർക്കും ഫ്രാഞ്ചൈസി കമ്പനികൾക്കുമായി 8 മില്യൺ ദിർഹത്തിലധികം വിലമതിക്കുന്ന പ്രോത്സാഹന സമ്മാന പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ മാറ്റങ്ങൾ ദുബൈയിലെ ടാക്‌സി യാത്രകൾ കൂടുതൽ സൗകര്യപ്രദവും ഗുണമേന്മയുള്ളതുമാക്കും. നടപ്പിലാക്കിയ പ്രധാന പരിഷ്കാരങ്ങളിൽ ചിലത് ഇവയാണ്. മാറുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായ തുണിത്തരങ്ങൾ ഉപയോഗിച്ചുള്ള പുതിയ ഡ്രൈവർ യൂണിഫോമുകൾ നൽകി.

യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാനുഭവം ഉറപ്പാക്കാനായി വാഹനങ്ങളിലെ സീറ്റുകൾ മികച്ചയിനം ലെതർ ഉപയോഗിച്ച് നവീകരിച്ചു. ടാക്‌സിക്കുള്ളിലെ വായു ഗുണനിലവാരം തത്സമയം നിരീക്ഷിക്കുന്നതിന് പ്രത്യേക സെൻസറുകൾ സ്ഥാപിക്കുകയും ടാക്‌സിയുടെ മൊത്തത്തിലുള്ള പ്രവർത്തനം നിരീക്ഷിക്കുകയും ചെയ്യുന്നു.

ഓരോ ട്രിപ്പിന് ശേഷവും സേവനത്തിന്റെ നിലവാരം രേഖപ്പെടുത്താൻ യാത്രക്കാർക്ക് അവസരം ഒരുക്കുകയും എയർ ഫ്രെഷനറുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

ആർ.ടി.എയുടെ നിർദ്ദേശങ്ങൾ പാലിക്കുന്ന ഡ്രൈവർമാർക്കും കമ്പനികൾക്കുമാണ് വിവിധ മാനദണ്ഡങ്ങൾക്കനുസരിച്ച് ഈ സമ്മാനങ്ങൾ ലഭിക്കുക. ഈ വർഷം മൂന്നാം പാദത്തോടെ പ്രഖ്യാപിച്ച പദ്ധതികളുടെ 89.8% പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ദുബൈയിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്ന സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ വലിയ സമ്മാനത്തുക പ്രഖ്യാപിച്ചതെന്ന് ആർ.ടി.എ പൊതുഗതാഗത ഏജൻസിയിലെ പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്‌മെൻറ് ഡയറക്ടർ ആദിൽ ശക്‌രി വ്യക്തമാക്കി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply