വാഹന ഗതാഗതത്തിന് തടസ്സമുണ്ടാക്കാതെ അൽ മക്തൂം പാലത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി റോഡ് ഗതാഗത അതോറിറ്റി. നഗരത്തിന്റെ രണ്ട് ഭാഗങ്ങളായ ദേരയേയും ബർദുബൈയെയും ബന്ധിപ്പിക്കുന്ന ദുബൈയിലെ ഏറ്റവും പഴക്കമേറിയ പാലമാണിത്. അഞ്ച് സമയ ഘട്ടങ്ങളായി തിരിച്ച് ആസൂത്രിതമായ പദ്ധതിയിലൂടെയാണ് ആർ.ടി.എ പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്.
ദിനംപ്രതിയുള്ള പതിവ് പണികൾ, പ്രതിവാര പ്രവർത്തനങ്ങൾ, പ്രതിമാസ അറ്റകുറ്റപ്പണികൾ, ത്രൈമാസ അറ്റകുറ്റപ്പണികൾ, വാർഷിക പ്രധാന അറ്റകുറ്റപ്പണി എന്നിങ്ങനെയാണ് അഞ്ച് സമയങ്ങളിലെ പ്രവർത്തനങ്ങൾ നടത്തിയത്.
പണികളുടെ ഭൂരിഭാഗവും ആഴ്ചയിൽ രണ്ടുതവണ വാഹനങ്ങൾ കുറഞ്ഞ അർധരാത്രിക്ക് ശേഷമാണ് പൂർത്തിയാക്കിയത്. ഈ സമയരീതി വാഹനങ്ങളുടെ സുഗമമായ ഒഴുക്കിന് തടസ്സം സൃഷ്ടിക്കാതിരിക്കാൻ വലിയ രീതിയിൽ ഉപകരിച്ചു. കഴിഞ്ഞ വർഷം അൽ മക്തൂം പാലത്തിൽ ഏകദേശം 5,222 ജോലി സമയം ആവശ്യമായ 104 പതിവ് അറ്റകുറ്റപ്പണികൾ നടത്തിയതായി ആർ.ടി.എ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സി.ഇ.ഒ അബ്ദുല്ല അൽ അലി പറഞ്ഞു.
ഇരു ദിശകളിലുമായി മണിക്കൂറിൽ 22,000 വാഹനങ്ങൾ വരെ കൈകാര്യം ചെയ്യുന്ന പാലത്തിൽ സുഗമമായ ഗതാഗതം നിലനിർത്താൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. 2014നും 2022നും ഇടയിൽ പാലത്തിൽ ആർ.ടി.എ 14 വലിയ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.
1961ൽ ഉദ്ഘാടനം ചെയ്യപ്പെട്ട പാലം തുറക്കാനും അടക്കാനും കഴിയുന്ന അത്യാധുനിക സാങ്കേതികവിദ്യയിൽ നിർമിച്ചതാണ്. പാലത്തിന്റെ ഹൈഡ്രോളിക് സിസ്റ്റങ്ങളുടെ എല്ലാ പൈപ്പുകളും മാറ്റിസ്ഥാപിക്കുന്നത് അടക്കമുള്ള അറ്റകുറ്റപ്പണികളാണ് ഇടവേളകളിൽ നടക്കാറുള്ളത്. പാലത്തിന്റെ ചലിക്കുന്ന ഭാഗങ്ങളുടെ ഘടനാപരമായ അവസ്ഥ വിലയിരുത്തുന്നതിന് സമഗ്രമായ പരിശോധനകളും നടത്താറുണ്ട്. ഇതെല്ലാം ഗതാഗത തടസ്സമില്ലാതെയാണ് പൂർത്തീകരിച്ചത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

