പുതിയ അധ്യയനവർഷം മുതൽ ദുബൈയിലെ സ്വകാര്യ സ്കൂളുകൾക്ക് ഫീസ് വർധനക്ക് അനുമതി നൽകി. ദുബൈയിലെ സ്വകാര്യ സ്കൂളുകളെ നിയന്ത്രിക്കുന്ന വൈജ്ഞാനിക, മാനവ വികസന അതോറിറ്റിയാണ് (കെ.എച്ച്.ഡി.എ) ഫീസ് വർധനക്ക് ചൊവ്വാഴ്ച അനുമതി നൽകിയത്. 5.2 ശതമാനംവരെ ഫീസ് വർധിപ്പിക്കാനാണ് അനുമതി. തുടർച്ചയായി രണ്ടാം തവണയാണ് ഫീസ് വർധനക്ക് കെ.എച്ച്.ഡി.എ പച്ചക്കൊടി കാണിക്കുന്നത്. സ്കൂളുകൾ സമർപ്പിച്ച സാമ്പത്തിക ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെ.എച്ച്.ഡി.എ സ്കൂളുകളുടെ വിദ്യാഭ്യാസ ചെലവ് സൂചിക (ഇ.സി.ഐ) 2.6 ശതമാനമായി കണക്കാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2024-25 വർഷത്തേക്കുള്ള ഫീസിൽ മാറ്റം വരുത്താമെന്നാണ് നിർദേശം. അതേസമയം, കെ.എച്ച്.ഡി.എ സ്കൂളുകളിൽ വാർഷാവർഷം നടത്തിയ വാർഷിക പരിശോധനയിൽ മികച്ച റേറ്റിങ് നിലനിർത്തുന്നവർക്കാണ് 5.2 ശതമാനം ഫീസ് വർധനക്ക് യോഗ്യത.
റേറ്റിങ് കുറഞ്ഞാൽ ആനുപാതികമായി മാത്രമേ ഫീസ് വർധന അനുവദിക്കൂ. ദുബൈയിൽ സ്കൂളുകൾക്ക് ഫീസ് വർധനക്ക് കെ.എച്ച്.ഡി.എയുടെ അനുമതി വേണമെന്നാണ് വ്യവസ്ഥ. ദുർബലമായത്, സ്വീകാര്യമായത്, മികച്ചത്, ഏറ്റവും മികച്ചത്, ഔട്ട്സ്റ്റാൻഡിങ് എന്നിങ്ങനെയാണ് റേറ്റിങ്. ദുർബലമായതിൽനിന്ന് സ്വീകാര്യമായതോ അല്ലെങ്കിൽ സ്വീകാര്യമായതിൽനിന്ന് മികച്ചതോ ആയി റേറ്റിങ് ഉയർത്തിയാൽ ഇ.സി.ഐയുടെ ഇരട്ടി ഫീസ് വർധിപ്പിക്കാം. അതായത് 5.2 ശതമാനം വർധന വരുത്താം. റേറ്റിങ് മികച്ചതിൽനിന്ന് ഏറ്റവും മികച്ചതിലേക്ക് എത്തിയാൽ ഇ.സി.ഐയുടെ 1.75 തവണ, അതായത് 4.55 ശതമാനം ഫീസ് വർധിപ്പിക്കാനാവും. ഏറ്റവും മികച്ചതിൽനിന്ന് ഔട്ട്സ്റ്റാൻഡിങ് നിലനിർത്തിയാൽ 1.5 തവണ, അതായത് 3.9 ശതമാനം ഫീസ് വർധനക്ക് അനുമതി ലഭിക്കും. ഒരേ പരിശോധന റേറ്റിങ് നിലനിർത്തുന്ന സ്കൂളുകൾക്ക് ഫീസ് 2.6 ശതമാനം വരെ വർധിപ്പിക്കാൻ അനുവദിക്കും. അതേസമയം, ദുബൈയിലെ ചില സ്കൂളുകളിൽ ഫീസ് വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

