ദുബൈയിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നു

ദുബൈയിൽ സ്ത്രീ ഡ്രൈവർമാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ്. എമിറേറ്റിലുടനീളം മാറി വരുന്ന സാമൂഹികസ്ഥിതിയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ ട്രെന്റ്. കഴിഞ്ഞ വർഷം ദുബൈയിൽ 1,05,568 ഡ്രൈവിങ് ലൈസൻസുകൾ സ്ത്രീകൾക്ക് ലഭിച്ചപ്പോൾ 6903 എണ്ണം മാത്രമാണ് പുരുഷൻമാർക്ക് ലഭിച്ചത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപൺ ഡാറ്റ പ്രകാരം 2024 ൽ യു.എ.ഇ ലുടനീളം 161,704 പുതിയ ഡ്രൈവിങ് ലൈസൻസുകളാണ് സ്ത്രീകൾക്ക് ലഭിച്ചത്. അതേസമയം പുരുഷൻമാർക്ക് ലഭിച്ചത് 2,21,382 പുതിയ ലൈസൻസുകളും. ഔദ്യോഗിക രേഖകൾ പ്രകാരം 2024 ൽ ആകെ യു.എ.ഇ ൽ അനുവദിച്ചത് 3,83,086 പുതിയ ഡ്രൈവിങ് ലൈസൻസുകളാണ്.

എന്നാൽ മറ്റ് എമിറേറ്റ്‌സുകളിൽ ലൈസൻസ് ലഭിക്കുന്നവരുടെ എണ്ണത്തിൽ പുരുഷന്മാരാണ് മുന്നിൽ. അബൂദബിയിൽ 1,47334 പുതിയ ലൈസൻസുകളാണ് കഴിഞ്ഞ വർഷം കൊടുത്തത്. അതിൽ 1,20,363 എണ്ണം പുരുഷൻമാരുടേതും 26,971 സ്ത്രീകളുടേതുമാണ്. 2024 ൽ ഷാർജയിൽ ആകെ അനുവദിച്ച ലൈസൻസുകൾ 65195 ആണ്. അതിൽ 15653 സ്ത്രീകൾക്കും 49542 പുരുഷൻമാർക്കുമാണ്.

റോഡ്‌സേഫ്റ്റി യു.എ.ഇ യുടെ ഡാറ്റ പ്രകാരം യു.എ.ഇൽ സ്ത്രീ ഡ്രൈവർമാർ റോഡപകടങ്ങളിൽ പെടുന്നത് താരതമ്യേന കുറവാണ്. മികച്ച സമയക്രമം, സീറ്റ് ബെൽറ്റ് ഉപയോഗം, കുറഞ്ഞ മൊബൈൽ ഫോൺ ഉപയോഗം തുടങ്ങി സുരക്ഷിതമായ ഡ്രൈവിങ് ശീലങ്ങൾ സ്ത്രീകൾ പാലിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകളിൽ വ്യക്തമാകുന്നത്. ശാന്തമായ ഡ്രൈവിങ് ശീലവും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിലെ കൃത്യതയും സ്ത്രീകൾക്ക് തന്നെയാണ് കൂടുതലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

‘സ്ത്രീ ഡ്രൈവർമാർക്ക് പലപ്പോഴും അവരുടെ ഡ്രൈവിങ് പെരുമാറ്റത്തിന് അർഹമായ അഭിനന്ദനം ലഭിക്കാറില്ല. ലിംഗപരമായ മുൻവിധി ഇപ്പോഴും ഒരു പങ്കു വഹിക്കുന്നതായി തോന്നുന്നു. എന്നിരുന്നാലും സുരക്ഷിതമായ ഡ്രൈവിങ്ങിന്റെ മിക്ക നിർണായക മാനങ്ങളിലും യു.എ.ഇ വനിതാ ഡ്രൈവർമാരുടെ പെരുമാറ്റം വിശകലനം ചെയ്യുമ്പോൾ മൊത്തത്തിൽ കൂടുതൽ ശ്രദ്ധാലുവായ മനോഭാവം കാണാൻ കഴിയും.’ റോഡ്സേഫ്റ്റി യു.എ.ഇയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ തോമസ് എഡൽമാൻ പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply