താമസ വിസയുടെ കാലാവധി കഴിഞ്ഞശേഷവും അനധികൃതമായി താമസിക്കുന്ന വിദേശികൾക്ക് രാജ്യം വിടാൻ ഇളവ് പ്രഖ്യാപിച്ച് യു.എ.ഇ. സെപ്റ്റംബർ ഒന്ന് മുതൽ രണ്ട് മാസത്തേക്കാണ് ഇളവ് അനുവദിച്ചത്. ഇക്കാലയളവിൽ അനധികൃത താമസക്കാർക്ക് പിഴ അടക്കാതെ രാജ്യം വിടുകയോ ഫെഡറൽ നിയമം അനുസരിച്ച് താമസ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരുകയോ ചെയ്യാനുള്ള അവസരമുണ്ടാകുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) അറിയിച്ചു.
ആനുകൂല്യം ലഭിക്കുന്നതിനായി വിദേശികളുടെ എൻട്രി, റെസിഡൻസ് നിയമം ലംഘിക്കുന്നവർക്കെതിരെ ചുമത്തിയ പിഴ ഒഴിവാക്കാനോ കുറക്കാനോ ആവശ്യപ്പെട്ട് നിയമലംഘകർ അതോറിറ്റിക്ക് അപേക്ഷ സമർപ്പിക്കണം. ഇതോടൊപ്പം അപേക്ഷകരുടെ പാസ്പോർട്ട്, നിയമം ലംഘിക്കാനും പിഴ ഒടുക്കാതിരിക്കാനുള്ള കാരണം എന്നിവ വ്യക്തമാക്കിയിട്ടുള്ള കത്ത്, പിഴ കമ്മിറ്റി ആവശ്യപ്പെടുന്ന മറ്റ് രേഖകൾ എന്നിവ ഹാജരാക്കണം. ഇതിനായി തൊട്ടടുത്തുള്ള കസ്റ്റമർ ഹാപ്പിനസ് സെന്ററിൽ (ആമർ) ഹാജരായി ഓട്ടോമാറ്റഡ് ക്യൂ ടിക്കറ്റ് കരസ്ഥമാക്കണം. തുടർന്ന് പൂരിപ്പിച്ച അപേക്ഷയോടൊപ്പം മതിയായ രേഖകളും കസ്റ്റമർ സർവിസ് ജീവനക്കാരന് സമർപ്പിക്കണം. ഫീസ് ആവശ്യമെങ്കിൽ അടക്കുകയും വേണമെന്ന് ഐ.സി.പി അറിയിച്ചു.
അബൂദബി ജനറൽ അഡ്മിനിസ്ട്രേഷനിലെ അൽ അവീർ സെന്ററുകളിൽ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ രാത്രി ഏഴുവരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 12 വരെയും ഉച്ചക്ക് 2.30 മുതൽ രാത്രി ഏഴുവരെയും സേവനം ലഭ്യമായിരിക്കും. ആമർ സർവിസ് സെന്ററുകളിൽ ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ സേവനം ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

