ജോലി ചെയ്യാൻ ഓഫീസിൽ പേകേണ്ട; വിദൂര ജോലി സംവിധാനവുമായി ദുബൈ

സർക്കാർ ജീവനക്കാർക്ക് വിദൂര ജോലി സംവിധാനവുമായി ദുബൈ. ആദ്യ ഘട്ടമായി ജീവനക്കാർക്ക് വീടിനടുത്തുള്ള പബ്ലിക് ലൈബ്രറികളിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനമാണ് ഏർപെടുത്തുന്നത്. ഈ സംവിധാനം ഇന്ന് മുതൽ നിലവിൽ വരും.

വിദൂര ജോലി സംവിധാനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ദുബൈ ഫ്യൂച്ചർ മ്യൂസിയത്തിൽ നടക്കുന്ന ‘റിമോട്ട് ഫോറ’ത്തിൽ ദുബൈ മാനവ വിഭവശേഷി വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുല്ല ബിൻ സായിദ് അൽ ഫലാസിയാണ് പ്രഖ്യാപനം നടത്തിയത്. തൊഴിൽ മേഖലക്ക് പുറമെ ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലും വിദൂര ജോലി സംവിധാനം നടപ്പാക്കാനുള്ള സർക്കാർ അജണ്ടയുടെ ഭാഗമായാണ് തീരുമാനം.

67,000 ജീവനക്കാർക്ക് ഈ തീരുമാനം ഉപകാരപ്പെടും. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കാൻ ഉപകരിക്കും. 61 സർക്കാർ ഓഫിസുകളിലാണ് ഇത് നടപ്പാക്കുന്നത്. സംവിധാനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് ആർട്ടിഫിഷ്യൽ ഇൻറലിജൻറ്‌സ് സഹമന്ത്രി ഉമർ സുൽത്താൻ അൽ ഉലമ പറഞ്ഞു. വിദൂര സംവിധാനത്തിന് പ്രത്യേക നയം രൂപവത്കരിക്കും. വീട്ടിലിരുന്ന് ജോലി ചെയ്താലും സർക്കാർ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കണം. വിദൂര ജോലി സംവിധാനം ജീവനക്കാരുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കുന്ന രീതിയിലായിരിക്കും മാനദണ്ഡങ്ങൾ തയാറാക്കുക.

ഓഫിലെത്തുന്നവരുടെ ആരോഗ്യത്തെ ബാധിക്കാത്ത രീതിയിലാണ് അവിടെ മേശ, കസേര, കീ ബോർഡ് തുടങ്ങിയവ സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം, വീട്ടിൽ കിടക്കയിലോ ബെഡിലോ ഇരുന്ന് ജോലി ചെയ്താൽ ആരോഗ്യത്തെ ബാധിക്കും. ഇത് സർക്കാരിന് കൂടുതൽ ബാധ്യതയുണ്ടാക്കും. അതിനാൽ, മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ജീവനക്കാർ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ മേഖലയിൽ നടപ്പാക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിൻറെ മറുപടി ഇതായിരുന്നു -‘സർക്കാർ മാതൃക കാണിക്കുകയാണ്. പക്ഷെ, സ്വകാര്യ മേഖലയുടെ ലാഭത്തിനെ ബാധിക്കുന്ന ഒന്നും സർക്കാർ നിർബന്ധിച്ച് നടപ്പാക്കില്ല. സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാം. മാസത്തിൽ എട്ട് മണിക്കൂർ വിദൂര ജോലി സംവിധാനം ഏർപെടുത്തിയ മുബാദല ഇതിന് ഉദാഹരണമാണ് .


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply