ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയാക്കി; ‘കൈപൊള്ളും’ മടക്കയാത്ര

ക്രിസ്മസ്, പുതുവത്സര അവധി കഴിഞ്ഞ് ഗൾഫ് നാടുകളിലേക്കു മടങ്ങുന്ന യാത്രക്കാരെ വെട്ടിലാക്കി വിമാന ടിക്കറ്റ് നിരക്കുവർധന. സാധാരണ നിരക്കിനെക്കാൾ മൂന്നിരട്ടി വരെ തുക നൽകിയാലേ നാട്ടിൽനിന്നു ഗൾഫ് നാടുകളിൽ എത്താനാകൂ എന്ന സ്ഥിതിയാണ്.

നാളെ കോഴിക്കോട്ടുനിന്നു ദുബായിലെത്താൻ 45,000 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാൽ, നാളെ 3 പേർക്കു ദുബായിൽനിന്നു കോഴിക്കോട്ടെത്താൻ അത്രയും തുക മതി. ദുബായിലേക്ക് 8,000 രൂപ മുതൽ 14,000 രൂപ വരെയാണ് സാധാരണ നിരക്ക്. ആവശ്യക്കാർ ഏറിയതു കണക്കിലെടുത്താണ് മൂന്നിരട്ടിവരെ നിരക്കു വർധിപ്പിച്ചുള്ള ചൂഷണം.

അവധിക്കാലം നാട്ടിൽ ചെലവഴിക്കാനായി കുടുംബത്തോടെ എത്തിയവരിൽ ഏറെയും തിരിച്ചുപോകുന്ന സമയത്താണു വർധന. നാളെ കോഴിക്കോട് –അബുദാബി ടിക്കറ്റ് നിരക്ക് 41,000 രൂപയാണ്. തിരിച്ച് അബുദാബി –കോഴിക്കോട് ടിക്കറ്റ് നിരക്ക് 15,000 രൂപയും. കോഴിക്കോട് –ഷാർജ 46,000 രൂപ. എന്നാൽ, ഷാർജയിൽനിന്ന് കോഴിക്കോട്ടെത്താൻ പരമാവധി 18,000 രൂപ മതി.

കോഴിക്കോട്ടുനിന്നു ദോഹയിലേക്ക് നാളെ 35,000 രൂപയും ദോഹയിൽനിന്ന് കോഴിക്കോട്ടേക്ക് 21,000 രൂപയുമാണു നിരക്ക്. കോഴിക്കോട്ടുനിന്ന് നാളെ ജിദ്ദയിലേക്ക് 62,000 രൂപ വരെ നിരക്കുണ്ട്. എന്നാൽ പകുതി തുകയുണ്ടെങ്കിൽ ജിദ്ദയിൽനിന്നു കോഴിക്കോട്ടെത്താം. കോഴിക്കോട്ടുനിന്ന് റിയാദിലേക്ക് 33,000 രൂപയും ദമാമിലേക്ക് 34,000 രൂപയുമാണു നിരക്ക്. എന്നാൽ, കോഴിക്കോട്ടേക്ക് റിയാദിൽനിന്നു 23,000 രൂപയും ദമാമിൽനിന്ന് 16,000 രൂപയും മതി. തദ്ദേശ തിരഞ്ഞെടുപ്പു കണക്കിലെടുത്തു കുടുംബത്തോടെ നാട്ടിലെത്തിയ പ്രവാസികളുമുണ്ട്. അവരിലേറെയും അവധിക്കാലം കഴിഞ്ഞു മടങ്ങാനിരിക്കുന്നവരാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply