വടക്കൻ ഗാസയിലെ പലസ്തീൻ ജനതക്ക് റമദാനിൻറെ ആദ്യ ദിനത്തിൽതന്നെ സഹായം എത്തിച്ച് യു.എ.ഇ. മരുന്നും അവശ്യ ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെ 42 ടൺ സഹായമാണ് യു.എ.ഇ ആകാശമാർഗം വടക്കൻ ഗാസ മുനമ്പിലെത്തിച്ചത്. ഈജിപ്ത് വ്യോമസേനയുമായി ചേർന്ന് ‘നന്മയുടെ പറവകൾ’ എന്ന നീക്കത്തിലൂടെയാണ് സഹായങ്ങൾ വിതരണം ചെയ്തത്. ഞായറാഴ്ച ഈജിപ്തും യു.എ.ഇയും ചേർന്ന് 62 ടണ്ണിൻറെ സഹായമെത്തിച്ചിരുന്നു. ഈ മാസം ഇതുവരെ 353 ടണ്ണിൻറെ സഹായങ്ങളാണ് ഇരു രാജ്യങ്ങളും ചേർന്ന് പ്രത്യേക വ്യോമപാത വഴി ഗാസയിലെത്തിച്ചത്.
പലസ്തീൻ നിവാസികളെ സഹായിക്കുന്നതിനായി കഴിഞ്ഞ നവംബറിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മ് ബിൻ സായിദ് ആൽ നഹ്‌യാൻ ഗാലൻറ് നൈറ്റ് 3 സംരംഭം പ്രഖ്യാപിച്ചിരുന്നു. ഇതുവഴി ആയിരക്കണക്കിന് ടൺ വസ്തുക്കളാണ് ഗാസക്ക് നൽകിയത്. അഞ്ചു മാസമായി തുടരുന്ന യുദ്ധം മൂലം 23 ലക്ഷം പലസ്തീനികൾ പട്ടിണിയുടെ വക്കിലെത്തിയിരിക്കുകയാണ്.
ഇവർക്കായി വലിയ തോതിലുള്ള സഹായം ഇനിയും ആവശ്യമാണ്. ഒക്‌ടോബറിൽ യുദ്ധം ആരംഭിച്ചതിനുശേഷം ഗാസക്ക് അവശ്യ വസ്തുക്കളെത്തിക്കാൻ യു.എ.ഇ സന്നദ്ധമായിരുന്നു.യു.എ.ഇ, യു.എസ്, യു.കെ, ഇ.യു എന്നീ രാജ്യങ്ങൾ സൈപ്രസിൽനിന്ന് കടൽമാർഗം സഹായപാത തുറന്നതിനു പിന്നാലെ ഗാസയിലേക്ക് കൂടുതൽ സാധനങ്ങൾ അയക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളും വർധിച്ചിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

