യുഎഇയിലെ റാസൽഖൈമയിൽ നടത്തിയ ശരീര ഭാരം കുറയ്ക്കാനുള്ള ചലഞ്ചിൽ ഇന്ത്യക്കാരൻ വിജയിയായി. 31കാരനായ അമൃത് രാജ് ആണ് തന്റെ ശരീരഭാരത്തിൽ നിന്ന് 45.7 കിലോ കുറച്ചത്. ചലഞ്ചിൽ വിജയി ആയതോടെ 13,800 ദിർഹം സമ്മാനമായി ലഭിക്കുകയും ചെയ്തു. അതേസമയം, പ്രവാസിയായ സ്പിന ഘട്ടായി മുഹമ്മദ് യാക്കൂബ് വനിതാ ചാമ്പ്യൻഷിപ്പിൽ വിജയിയാകുകയും ചെയ്തു. 25 കിലോ ശരീര ഭാരമാണ് ഇവർ കുറച്ചത്.
ഈ വർഷം തനിക്ക് 225 കിലോ ആയിരുന്നു ഭാരം ഉണ്ടായിരുന്നത്. അതിൽ നിന്നും 45.7 കിലോ കുറച്ചു. വളരെ കുറച്ച് മാസങ്ങൾ കൊണ്ടാണ് ഇത് സാധ്യമായതെന്നും അത്രമേൽ പരിശ്രമിച്ചിട്ടാണ് ഭാരം കുറക്കാനായതെന്നും അമൃത് രാജ് പറഞ്ഞു. കുട്ടിക്കാലം മുതൽ തന്നെ എനിക്ക് അമിതഭാരം ഉണ്ടായിരുന്നു. 100 കിലോയിൽ താഴെ ഭാരം ഇതുവരെയും ഉണ്ടായിട്ടില്ല. എനിക്ക് ഇപ്പോഴുണ്ടായ ഈ നേട്ടം അമിതഭാരമുണ്ടായിട്ടും എന്നെ ജീവിത പങ്കാളിയാക്കിയ എന്റെ ഭാര്യയ്ക്ക് സമർപ്പിക്കുന്നു. ഈ ഒരു മാറ്റത്തിൽ കുടുംബത്തിന്റെ പിന്തുണയും എടുത്തുപറയേണ്ടതാണെന്നും രാജ് പറഞ്ഞു.
ശരീരഭാരം കുറയ്ക്കുക എന്നുള്ളത് നമ്മുടെ മനസ്സിനെയും ഫോക്കസിനെയും ആശ്രയിച്ചാണ് ഇരിക്കുന്നത്. മനസിൽ എന്തെങ്കിലും കാര്യങ്ങൾ ഉറപ്പിച്ചാൽ ശ്രദ്ധ അതിൽ തന്നെ കേന്ദ്രീകരിക്കുക. നമുക്ക് അത് നേടാൻ കഴിയും. ഈ ചലഞ്ചിൽ വിജയി ആയെങ്കിൽ പോലും ശരീര ഭാരം കുറയ്ക്കാനുള്ള എന്റെ ലക്ഷ്യം പൂർണമായിട്ടില്ല. ഇനിയും തുടരുമെന്നും അമൃത് രാജ് പറഞ്ഞു. ഇത്തവണ ചലഞ്ചിൽ 24,000ത്തിലധികം പേരാണ് പങ്കെടുത്തത്. റെക്കോഡ് പങ്കാളിത്തമാണിതെന്ന് പരിപാടിയുടെ സംഘാടകർ അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

