ഔദ്യോഗിക യോഗത്തിൽ ‘കന്തൂറ’ ധരിച്ച് യുഎഇയിലെ ചൈനീസ് സ്ഥാനപതി; ചിത്രങ്ങൾ പങ്കുവച്ച് ഷെയ്ഖ് മക്തൂം

യുഎഇയിലെ ചൈനീസ് സ്ഥാനപതി സാങ് യിമിങ് യുഎഇയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ചേർന്ന ബിസിനസ് യോഗത്തിൽ പരമ്പരാഗത എമിറാത്തി വേഷമായ കന്തൂറ ധരിച്ച് എത്തിയത് ശ്രദ്ധേയമായി. യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായുള്ള കൂടിക്കാഴ്ചക്കിടെ സ്ഥാനപതി കന്തൂറ ധരിച്ചെത്തിയതിന്റെ ചിത്രങ്ങൾ ഷെയ്ഖ് മക്തൂം തന്നെയാണ് പങ്കുവച്ചത്.

ചൈന ശാശ്വത വികസന ഭാവിയെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കാളിയാണെന്നും ജനങ്ങളുടെയും മേഖലയുടെയും ലോകത്തിന്റെയും താൽപര്യങ്ങൾക്ക് അനുകൂലമാകുന്ന സഹകരണ പാലങ്ങൾ പണിയുന്നതിൽ പ്രതിബദ്ധരാണെന്നും ഷെയ്ഖ് മക്തൂം പറഞ്ഞു.

യിമിങ്ങിന്റെ കന്തൂറ ധരിയ്ക്കൽ ഇതാദ്യമായല്ല. കഴിഞ്ഞ വർഷം, പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവായ ഡോ. അൻവർ ഗർഗാഷുമായി നടത്തിയ മജ് ലിസ് യോഗത്തിലും അദ്ദേഹം നീളമുള്ള വെള്ള വസ്ത്രം ധരിച്ച് എത്തിയിരുന്നു. ബലി പെരുന്നാൾ ദിവസവും അദ്ദേഹം എമിറാത്തി സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. സംസ്‌ക്കാരിക ബഹുമാനം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ രാജ്യാന്തര വ്യക്തിത്വങ്ങൾ എമിറാത്തി വേഷം ധരിച്ചിട്ടുള്ളത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

2023-ൽ സ്പാനിഷ് ഫുട്‌ബോൾ താരം ആൻഡ്രസ് ഇനിയസ്റ്റയും ഈ വർഷം ടെന്നിസ് താരം സ്റ്റെഫാനോസ് സിറ്റ്‌സിപ്പാസും ദേശീയ ദിനാഘോഷങ്ങളിലും മറ്റ് ചടങ്ങുകളിലും കന്തൂറയും അറബിക് ബിഷ്തുമണിഞ്ഞ് പങ്കെടുത്തിരുന്നു. ചൈനയും യുഎഇയും തമ്മിലുള്ള മൈത്രിയും സഹകരണവും പ്രതിഫലിപ്പിക്കുന്ന ഈ പ്രതീകാത്മക മുഹൂർത്തം രാജ്യങ്ങൾ തമ്മിലുള്ള സാംസ്‌കാരിക ബന്ധത്തിന്റെ ദൃഢതയും സൗഹൃദത്തിന്റെ ഊഷ്മളതയും പ്രതിഫലിപ്പിക്കുന്നതായി ഒട്ടേറെ പേർ അഭിപ്രായപ്പെട്ടു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply