ഒന്നര മണിക്കൂർ യാത്ര 20 മിനിറ്റായി കുറയും; പറക്കും ടാക്‌സി പരീക്ഷണ പറക്കൽ ജൂലൈയിൽ

യുഎഇയിലെ ആദ്യ പറക്കും ടാക്‌സിയുടെ പരീക്ഷണ പറക്കൽ അൽഐനിൽ ജൂലൈയിൽ ആരംഭിക്കും. വർഷാവസാനത്തോടെ സേവനം പൂർണതോതിൽ ആരംഭിക്കുന്നതിന് മുന്നോടിയായാണ് പരീക്ഷണ പറക്കൽ. ഭൂമിയിൽനിന്നും 500 മുതൽ 3000 മീറ്റർ വരെ ഉയരത്തിലാകും പറക്കുക.

ഇതിനായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) പ്രത്യേക വ്യോമപാത ഒരുക്കിയെന്നും അംഗീകാരം ലഭിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നും പദ്ധതിക്കു ചുക്കാൻ പിടിക്കുന്ന യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷന്റെ സിഇഒ ആദം ഗോൾഡ്സ്റ്റീൻ പറഞ്ഞു.

കാറിൽ ഒന്നര മണിക്കൂർ എടുക്കുന്ന യാത്രയ്ക്ക് ഫ്‌ലൈയിങ് ടാക്‌സിയിൽ 10 മുതൽ 20 മിനിറ്റ് മതി. നഗരത്തിനുള്ളിലെ സേവനത്തിന് കുറഞ്ഞത് 300 ദിർഹമാണ് നിരക്ക്.

അബുദാബി മിനാ സായിദിലെ ക്രൂസ് ടെർമിനൽ ഹെലിപാഡിനെ ഹൈബ്രിഡ് ഹെലിപോർട്ടാക്കുന്നതിനുള്ള ആർച്ചറിന്റെ രൂപകൽപനയ്ക്ക് ജിസിഎഎ അംഗീകാരം നൽകി. ഒരേസമയം ഹെലികോപ്റ്റർ, ഫ്‌ലൈയിങ് ടാക്‌സി എന്നിവയ്ക്ക് സർവീസ് നടത്താൻ അനുയോജ്യമായ വിധത്തിലാണ് നവീകരണം. പറക്കും ടാക്‌സി സേവനം സംബന്ധിച്ച് ആർച്ചർ ഏവിയേഷനുമായി കഴിഞ്ഞ മാർച്ചിൽ കരാർ ഒപ്പിട്ടിരുന്നു. ഇതനുസരിച്ച് ദുബായിലെയും അബുദാബിയിലെയും നിർണായക സ്ഥലങ്ങളിൽ എയർ ടാക്‌സി സേവനത്തിനാവശ്യമായ വെർട്ടിപോർട്ടുകളും നിർമിക്കും. ആദ്യഘട്ടത്തിൽ അബുദാബിക്കുള്ളിലാണ് സേവനം.

2026 മധ്യത്തോടെ അബുദാബിയിൽനിന്ന് ദുബായ്, റാസൽഖൈമ, അൽഐൻ എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസുണ്ടാകും. പാം ജുമൈറയിലെ അറ്റ്‌ലാന്റിസ്, അബുദാബി കോർണിഷിലെ മറീന മാൾ എന്നിവിടങ്ങളിലെ വെർട്ടിപോർട് അടിസ്ഥാനമാക്കിയാകും ഇരു എമിറേറ്റുകളിലേക്കുമുള്ള സർവീസ് നടത്തുക. ദുബായിയുടെയും അബുദാബിയുടെയും ആകാശ ദൃശ്യം ആസ്വദിക്കാവുന്ന വിധത്തിലാകും സർവീസ്. ആർച്ചറിന്റെ ആപ്പ് വഴി പറക്കും ടാക്‌സി ബുക്ക് ചെയ്യാം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply