ഈദ് ദിനത്തിൽ ദുബൈ വിമാനത്താവളം സന്ദർശിച്ച് ഉന്നത ഉദ്യോഗസ്ഥർ

ബലിപെരുന്നാൾ ദിനത്തിൽ ദുബൈ വിമാനത്താവളത്തിൽ മികച്ച സേവനം ഉറപ്പാക്കാനും ഈദ് ആശംസകൾ നേരാനും ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. അവധി ദിനത്തിലും യാത്രക്കാർക്ക് സുഗമമായ യാത്രയൊരുക്കുന്ന ഉദ്യോഗസ്ഥരെ അഭിനന്ദിക്കാനും സേവനങ്ങൾ വിലയിരുത്താനുമായിരുന്നു സന്ദർശനം.ജി.ഡി.ആർ.എഫ്.എ-ദുബൈ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, അസി. ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരാണ് സേവനങ്ങൾ വിലയിരുത്തിയത്. വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ അതി ശ്രദ്ധയോടെ പരിശോധിച്ച ശേഷം, അവധി ദിവസത്തിലും യാത്രക്കാർക്ക് വേഗത്തിലും തടസ്സങ്ങളില്ലാതെയും യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന ഉദ്യോഗസ്ഥരുടെ മികവിനെ ലഫ്. ജനറൽ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

യാത്രക്കാർക്കായി ഏർപ്പെടുത്തിയിട്ടുള്ള ആധുനിക സൗകര്യങ്ങളും ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. നാല് മുതൽ 12 വരെ വയസ്സുള്ള കുട്ടികൾക്കായി 2023 ഏപ്രിലിൽ ആരംഭിച്ച ‘കിഡ്‌സ് പാസ്‌പോർട്ട് പ്ലാറ്റ്ഫോം’, സ്മാർട്ട് ഗേറ്റുകൾ, സ്മാർട്ട് ട്രാക്ക് തുടങ്ങിയ സംവിധാനങ്ങൾ സംഘം നേരിട്ട് വിലയിരുത്തി. ഈ സേവനങ്ങൾ യാത്രക്കാർക്ക് സംതൃപ്തമായ അനുഭവം നൽകുകയും യാത്ര കൂടുതൽ ആസ്വാദ്യകരമാക്കുകയും ചെയ്യുന്നുവെന്ന് ലഫ്. ജനറൽ അൽ മർറി പറഞ്ഞു. ഉദ്യോഗസ്ഥ സംഘം വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രക്കാരെ നേരിട്ട് അഭിവാദ്യം ചെയ്യുകയും ഈദ് ആശംസകൾ നേരുകയും ചെയ്തു.

Leave a Reply