പുകയില സിഗരറ്റ് ഉൽപന്നങ്ങളേക്കാൾ സുരക്ഷിതമാണ് ഇ-സിഗരറ്റെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്നും യു.എ.ഇ ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. ഇ-സിഗരറ്റ് സുരക്ഷിതമാണെന്നതിന് ശാസ്ത്രീയമായ ഒരു തെളിവുമില്ല. ലോക പുകയില വിരുദ്ധ ദിനമായ മേയ് 31ന് പുറത്തിറക്കുന്ന പ്രസ്താവനയിലാണ് പുകവലിയിൽനിന്ന് വിട്ടുനിൽക്കണമെന്ന് അധികൃതർ അഭ്യർഥിച്ചത്. ഹൃദ്രോഗം, അർബുദം, പ്രമേഹം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് പുകവലി കാരണമാകുമെന്നും അവർ മുന്നറിയിപ്പു നൽകി. നിക്കോട്ടിൻ ഉൽപന്നങ്ങൾ സിഗരറ്റുകളേക്കാൾ സുരക്ഷിതമാണെന്ന് കമ്പനികൾ പരസ്യം നൽകാറുണ്ട്.
ഇത് യഥാർഥത്തിൽ ശരിയല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിക്കോട്ടിൻ അടങ്ങിയ ഇ-സിഗരറ്റ് വലിയ രീതിയിൽ അഡിക്ഷൻ ഉണ്ടാക്കുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുന്നതുമാണ്. ആരോഗ്യപ്രശ്നങ്ങൾ കുറക്കുകയെന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇ-സിഗരറ്റ് കമ്പനികൾ പുകയില ഉൽപന്നങ്ങളുടെ ഉപയോഗത്തിൽ മുക്തി നേടുന്നതിന് ഇ-സിഗരറ്റ് പ്രോത്സാഹിപ്പിക്കുന്നുണ്ട്.
എന്നാൽ, ഇ-സിഗരറ്റ് പുകവലിയിൽനിന്ന് മുക്തി നേടാൻ സഹായിക്കുമെന്ന് ശാസ്ത്രീയമായ ഒരു പഠനവും തെളിയിച്ചിട്ടില്ല. അതേസമയം, ഇ-സിഗരറ്റ് ഉൽപന്നങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നതാണ് തെളിയിക്കപ്പെട്ടിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

