ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് ആഥിത്യമരുളുന്ന പശ്ചാത്തലത്തിൽ വിവിധ ഹരിത, പരിസ്ഥിതി സൗഹൃദ പദ്ധതികൾക്കും നയങ്ങൾക്കും അംഗീകാരം നൽകി യു.എ.ഇ മന്ത്രിസഭ. കോപ് 28 വേദിയിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻറെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ഇക്കാര്യങ്ങളിൽ തീരുമാനം കൈക്കൊണ്ടത്.കാലാവസ്ഥസന്തുലിതത്വം കൈവരിക്കുന്നതിന് വേണ്ട വിവിധ നയങ്ങൾക്കും ദേശീയ പരിസ്ഥിതി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വേണ്ട നടപടികളാണ് യു.എ.ഇ മന്ത്രിസഭാ യോഗം സ്വീകരിച്ചത്. ശൈഖ് മുഹമ്മദ് സാമൂഹികമാധ്യമങ്ങൾ മുഖേന ഈ വിവരങ്ങൾ പങ്കുവെച്ചു.
യു.എ.ഇ നാഷണൽ എനർജി സ്ട്രാറ്റജി 2050, ദേശീയ ഹൈഡ്രജൻ സ്ട്രാറ്റജി 2050, ദേശീയ ഇലക്ട്രിക് വാഹന നയം, മരുഭൂവത്കരണത്തെ ചെറുക്കുന്നതിനുള്ള ദേശീയ തന്ത്രം എന്നിവ മന്ത്രിസഭ അംഗീകാരം നൽകിയ പദ്ധതികളിൽ ഉൾപ്പെടും. കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, തുരങ്കങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തെ എല്ലാ നിർമ്മാണ പദ്ധതികൾക്കും ബാധകമാകുന്ന സ്മാർട്ട് നിർമ്മാണ ദേശീയ ഗൈഡിനും മന്ത്രിസഭ അംഗീകാരം നൽകി. കാലാവസ്ഥാ വ്യതിയാനത്തെയും അതിന്റെ ആഘാതത്തെയും ചെറുക്കുന്നതിന് യു.എ.ഇ 2023ൽ 60ലധികം നയങ്ങളും സംരംഭങ്ങളും തീരുമാനങ്ങളും പ്രഖ്യാപിച്ചതായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അനുബന്ധ സൗകര്യങ്ങൾ മെച്ചപ്പെടുത്തും. ഇതിൻറെ ഭാഗമായി ഇലക്ടിക് വാഹനങ്ങളുടെ ചാർജിങ് സ്‌റ്റേഷനുകൾ നിയന്ത്രിക്കുന്നതിന് പ്രത്യേക കമ്പനി രൂപീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനം, ചാർജിങ് സ്റ്റേഷനുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, ചാർജ് ചെയ്യുന്നതിൻറെ നിരക്ക് നിർണയം എന്നിവ കമ്പനിക്ക് ചുവടെയാകും. ഇലക്ട്രിക് വാഹന ചാർജറുകളുടെ ദേശീയ ശൃംഖല നിർമ്മിക്കുന്നതിനുള്ള നയത്തിന് ഈ വർഷമാദ്യം അംഗീകാരം നൽകിയിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

