ഇന്ത്യൻ പ്രവാസിക്ക് ദുബൈയുടെ പ്രത്യേക ഇമിഗ്രേഷൻ സ്റ്റാമ്പ്

യുഎഇയിലെ ഇന്ത്യൻ പ്രവാസിയായ ഹാജി എൻ ജമാലുദ്ദീന് പ്രത്യേക ഇമിഗ്രേഷൻ സ്റ്റാമ്പ് നൽകി ആദരിച്ച് ദുബൈ വിമാനത്താവളം അധികൃതർ. ദുബൈ ക്രസന്റ് ഇംഗ്ലീഷ് ഹൈസ്‌കൂൾ സ്ഥാപകനും മുതിർന്ന അധ്യാപകനുമാണ് ഹാജി എൻ ജമാലുദ്ദീൻ. ഇദ്ദേഹം യുഎഇയിലെത്തിയത് 1965ലാണ്. മുംബൈയിൽ നിന്നും കപ്പൽ മാർഗത്തിലാണ് ഇദ്ദേഹം ദുബൈയിലെത്തിയത്. എത്തിയിട്ട് 60 വർഷമായെങ്കിലും തന്റെ പാസ്‌പോർട്ടിൽ ആദ്യ എൻട്രി സ്റ്റാമ്പ് പതിച്ചിരുന്നില്ല. 1960കളിൽ തുറമുഖങ്ങളോ മറ്റ് വിശാലമായ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പാസ്‌പോർട്ടിൽ സ്റ്റാമ്പ് പതിച്ചിരുന്നതുമില്ല. പകരം രാജ്യത്ത് പ്രവേശിക്കുന്നതിന്റെയും രാജ്യം വിട്ട് പുറത്തേക്ക് പോകുന്നതിന്റെയും തീയതികൾ മാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

60 വർഷങ്ങൾക്കിപ്പുറം ജമാലുദ്ദീൻ ഹാജിയെ ദുബൈയുടെ പ്രത്യേക ഇമിഗ്രേഷൻ സ്റ്റാമ്പ് നൽകി ആദരവ് പ്രകടിപ്പിക്കുകയായിരുന്നു. തന്റെ പിതാവിന്റെ പാസ്‌പോർട്ടിൽ പുതിയ ദുബൈ എൻട്രി സ്റ്റാമ്പ് പതിപ്പിക്കണമെന്ന മകന്റെ ആഗ്രഹമാണ് ഇതോടെ ദുബൈ വിമാനത്താവളം അധികൃതർ നടപ്പാക്കിക്കൊടുത്തത്. `ഇത് പാസ്‌പോർട്ടിലെ വെറുമൊരു അടയാളപ്പെടുത്തൽ മാത്രമല്ല, ഇത്രയും കാലം ദുബൈ ഞങ്ങൾക്ക് തന്ന കാര്യങ്ങൾക്കുള്ള ആദരവ് കൂടിയാണ്. എന്റെ മകന്റെ ആഗ്രഹമായിരുന്നു ഇത്. 60 വർഷത്തോളമായി ഞാൻ യുഎഇയിൽ ജോലി ചെയ്യുന്നു. അതിനുള്ള മകന്റെ സമ്മാനം കൂടിയാണിത്. ദുബൈ വിമാനത്താവള അധികൃതരുടെ സഹായത്തോടെയാണ് ഇത് സാധ്യമായത്’ – ജമാലുദ്ദീൻ പറയുന്നു.

`ഹാജി എൻ ജമാലുദ്ദീൻ 1965ലാണ് യുഎഇയിലെത്തിയത്. അന്ന് ഒരു തുറമുഖം പോലും ഇവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഇമിഗ്രേഷൻ സ്റ്റാമ്പും ഇല്ലായിരുന്നു. ഇദ്ദേഹം യുഎഇക്ക് നൽകിയ സേവനത്തിനുള്ള ആദരവ് എന്ന നിലയിലാണ് ഇയർ ഓഫ് കമ്യൂണിറ്റിയുടെ ഭാഗമായി പാസ്‌പോർട്ടിൽ പ്രത്യേക ഇമിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിച്ചത്’- ദുബൈ എയർപോർട്ട് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. 1984ലാണ് ജമാലുദ്ദീൻ ക്രസന്റ് ഇംഗ്ലീഷ് ഹൈസ്‌കൂൾ ആരംഭിക്കുന്നത്. യുഎഇയിൽ മികച്ച നിലവാരത്തോട് കൂടി പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ ഒന്നാണ് ഇത്.

Leave a Reply