ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന യു.എ.ഇ സന്ദർശനം നാളെ ആരംഭിക്കും. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം എന്നിവരുമായുള്ള കൂടിക്കാഴ്ചകൾ അടക്കം തിരക്കിട്ട പരിപാടികളാണ് സന്ദർശനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. ഇന്ത്യ-യു.എ.ഇ നയതന്ത്ര, വ്യാപാര ബന്ധത്തിന് കരുത്തുപകർന്ന്, കഴിഞ്ഞ എട്ടു മാസത്തിനിടെ മൂന്നാമത്തെയും 2015നുശേഷം ഏഴാമത്തെയും സന്ദർശനത്തിനാണ് മോദി യു.എ. ഇയിൽ എത്തുന്നത്.
ചൊവ്വാഴ്ചയാണ് മോദി ശൈഖ് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ചൊവ്വാഴ്ചതന്നെ അബൂദബിയിൽ ഒരുക്കുന്ന ‘അഹ്ലന് മോദി’ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ചടങ്ങില്‍ സംബന്ധിക്കുന്നതിന് രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം 60,000 കടന്നിട്ടുണ്ട്. പ്രവാസി സമൂഹവുമായി നരേന്ദ്ര മോദി സംവദിക്കുന്ന ചടങ്ങ് സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്.ബുധനാഴ്ച ഉച്ചയോടെ ദുബൈയിൽ നടക്കുന്ന ‘വേൾഡ് ഗവൺമെന്റ് ഉച്ചകോടി’യെ അദ്ദേഹം അഭിസംബോധന ചെയ്യും.
ഖത്തർ, തുർക്കി എന്നിവക്കൊപ്പം ഇന്ത്യയും ഉച്ചകോടിയിൽ അതിഥി രാജ്യങ്ങളാണ്. വൈകുന്നേരം പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാക്ഷേത്രം അബൂദബിയിൽ മോദി ഉദ്ഘാടനം ചെയ്യും. അബൂദബിയിലെ അബൂമുറൈഖയിൽ 29 ഏക്കറിലാണ് ഏഴു കൂറ്റന്‍ ഗോപുരങ്ങളോടെ ക്ഷേത്രം നിർമിച്ചത്.
2015ൽ യു.എ.ഇ പ്രസിഡന്റ് ക്ഷേത്രനിർമാണത്തിനായി ഭൂമി സൗജന്യമായി നൽകുകയായിരുന്നു. തുടർന്ന് 2018ലാണ് നിർമാണത്തിന് തുടക്കംകുറിച്ചത്. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളുടെ പ്രതീകമായി ക്ഷേത്രത്തിന് ഏഴു ഗോപുരങ്ങളുണ്ട്. 32 മീറ്ററാണ് ക്ഷേത്രത്തിന്റെ ഉയരം. ആത്മീയവും സാംസ്കാരികവുമായ ആശയവിനിമയങ്ങള്‍ക്കുള്ള ആഗോള വേദി, സന്ദര്‍ശക കേന്ദ്രം, പ്രദര്‍ശന ഹാളുകള്‍, പഠനമേഖലകള്‍, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള കായികകേന്ദ്രങ്ങള്‍, ഉദ്യാനങ്ങള്‍, ജലാശയങ്ങള്‍, ഭക്ഷണശാലകള്‍, ഗ്രന്ഥശാല തുടങ്ങിയവയും ക്ഷേത്രത്തോടനുബന്ധിച്ചുണ്ട്.
മഹാഭാരതം, രാമായണം തുടങ്ങിയ പുരാണങ്ങളിലെ കഥാപാത്രങ്ങൾക്കൊപ്പം ബുർജ് ഖലീഫയും അബൂദബിയിലെ ശൈഖ് സായിദ് മോസ്കും ഉൾപ്പെടെ യു.എ.ഇയിലെ പ്രമുഖ നിർമിതികളുടെ വെണ്ണക്കല്ലിൽ തീർത്ത ചെറുരൂപങ്ങളും ക്ഷേത്രചുമരിൽ ഇടം പിടിച്ചിട്ടുണ്ട്. ഫെബ്രുവരി 18 മുതൽ ക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിക്കുമെങ്കിലും മാർച്ച് ഒന്നു മുതലാണ് പൂർണതോതിൽ സന്ദർശനത്തിന് തുറക്കുക.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

