ആഗോള ബഹിരാകാശ ഗവേഷണ സമ്മേളനമായ ‘കോസ്പർ 2028’ന് യു.എ.ഇ വേദിയാകും. ബഹിരാകാശ രംഗത്തെ ഏറ്റവും പുതിയ ചലനങ്ങൾ ചർച്ചയാകുന്ന സമ്മേളനം ആദ്യമായാണ് അറബ് ലോകത്ത് നടത്തപ്പെടുന്നത്. 2028ൽ നടക്കുന്ന സമ്മേളനത്തിൽ 3,000ത്തിലേറെ വിദഗ്ധർ പങ്കെടുക്കുമെന്ന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സ് അക്കൗണ്ട് വഴി അറിയിച്ചു.
ബഹിരാകാശ ഗവേഷണരംഗത്തെ ലോകത്തെ ഏറ്റവും വലിയ സമ്മേളനമാണിത്. ഈ വർഷത്തെ സമ്മേളനത്തിന് ഗ്രീസിലെ ആതൻസ് നഗരമാണ് ആതിഥേയത്വം വഹിച്ചിട്ടുള്ളത്. സമ്മേളനം നടത്താൻ താൽപര്യമറിയിച്ച രാജ്യങ്ങൾക്കിടയിൽ യു.എ.ഇക്ക് വിജയിക്കാനായത് ബഹിരാകാശ വ്യവസായ രംഗത്ത് രാജ്യത്തെ സ്ഥാനം അടയാളപ്പെടുത്തുന്നതാണെന്ന് ശൈഖ് ഹംദാൻ കൂട്ടിച്ചേർത്തു. ആഗോള ശാസ്ത്ര സമൂഹത്തിന്റെ ഒരു പ്രധാന കേന്ദ്രമായി യു.എ.ഇ സ്ഥാനമുറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹിരാകാശ മേഖലയിൽ കാര്യമായ അന്താരാഷ്ട്ര സഹകരണം വളർത്തിയെടുക്കുന്നതിൽ രാജ്യത്തിന്റെ പങ്ക് കൂടുതൽ വർധിപ്പിക്കുമെന്നും ഈ നേട്ടം സാധ്യമാക്കിയ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിലെ ടീമിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഈ മാസം ആദ്യത്തിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ബഹിരാകാശ സഞ്ചാരികളായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇമാറാത്തി വനിത നൂറ അൽ മത്റൂഷിയുമായും സഹപ്രവർത്തകൻ മുഹമ്മദ് അൽ മുല്ലയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും നാസയിൽ രണ്ട് വർഷത്തെ ബഹിരാകാശയാത്രാ പരിശീലന പരിപാടി പൂർത്തിയാക്കിയവരാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

