അബൂദബി എമിറേറ്റിലെ വാടക നിരക്കുകൾ താമസക്കാർക്ക് വളരെ എളുപ്പത്തിൽ ലഭ്യമാക്കുന്ന ഔദ്യോഗിക വാടക സൂചിക പുറത്തിറക്കി. എമിറേറ്റിലെ പ്രോപ്പർട്ടികളുടെ വാടക വ്യക്തമാക്കുന്ന സൂചിക അബൂദബി റിയൽ എസ്റ്റേറ്റ് സെൻ്ററാണ് പുറത്തിറക്കിയത്.അബൂദബിയിലെ വിവിധ മേഖലകളിലെ വാടക ഈ പ്ലാറ്റ്ഫോമിലൂടെ അറിയാനാവും. വാടകക്കാർക്കും ഭൂവുടമകൾക്കും സേവനം നൽകുന്ന ഈ പ്ലാറ്റ്ഫോം വിപണി സുതാര്യത വർധിപ്പിക്കാനും അതിവേഗം വളരുന്ന റിയൽ എസ്റ്റേറ്റ് വിപണിയുടെ സ്ഥിരതയെ സഹായിക്കാനുമാണ് രൂപകൽപന ചെയ്തിട്ടുള്ളത്.
നഗരത്തിലെ കെട്ടിടങ്ങളുടെ ത്രൈമാസ വാടക നിരക്കാണ് പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്നത്. താമസ, വാണിജ്യ, വ്യവസായ കേന്ദ്രങ്ങളിലെ വിശ്വസനീയമായ വാടക ഇതുവഴി താമസക്കാർക്ക് ലഭിക്കും. അബൂദബി റിയൽ എസ്റ്റേറ്റ് വെബ്സൈറ്റിലൂടെയാണ് ഈ സേവനം ലഭ്യമാവുക.എമിറേറ്റിലെ വിവിധ സ്ഥലങ്ങൾ തിരഞ്ഞെടുക്കാനും ഇവിടങ്ങളിലെ വിവിധ വാടക നിരക്കുകൾ അറിയാനും സൗകര്യമുണ്ട്. ദഫ്റ, അബൂദബി സിറ്റി, അൽഐൻ സിറ്റി എന്നീ മുനിസിപ്പാലിറ്റികൾക്ക് കീഴിലെ വ്യത്യസ്ത വാടക നിരക്കുകൾ ഇത്തരത്തിൽ അറിയാനാവും. കെട്ടിടങ്ങൾ നിൽക്കുന്ന ഇടങ്ങളുടെ മാപ്പും പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.
അപ്പാർട്മെന്റുകൾ മുതൽ വില്ലകൾ വരെയുള്ള വിവിധ പ്രോപ്പർട്ടികളുടെ വിലനിലവാരം പ്ലാറ്റ്ഫോം വഴി ലഭിക്കും. വാടകക്കാർക്കും സ്വന്തമായി വാങ്ങുന്നവർക്കും പ്രോപ്പർട്ടികളിൽ ലഭ്യമായ കിടപ്പുമുറികളുടെ എണ്ണവും ഓരോന്നിന്റെയും വ്യത്യസ്ത വിലയും സംബന്ധിച്ച് വ്യക്തമായ ധാരണയും ലഭിക്കും.
റിയൽ എസ്റ്റേറ്റ് വിപണിയിൽ ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുന്നതിനും നിക്ഷേപകർ, പ്രോപ്പർട്ടി ഉടമകൾ, വാടകക്കാർ എന്നിവരുൾപ്പെടെ എല്ലാവർക്കും ഗുണം ലഭിക്കുന്നതിനുമുള്ള അബൂദബി റിയൽ എസ്റ്റേറ്റ് സെന്ററിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് വാടക സൂചികയെന്ന് അബൂദബി മീഡിയ ഓഫിസ് വ്യക്തമാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

