അബുദാബിയിൽ രാത്രി തനിച്ചു നടക്കുന്നതിൽ പൂർണ സുരക്ഷിതമെന്ന് സർവേ

അബുദാബിയിൽ രാത്രി തനിച്ചു നടക്കുന്നതിൽ പൂർണ സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടെന്ന് സമൂഹ വികസന വകുപ്പ് നടത്തിയ ജീവിത നിലവാര സർവേ. പഠനത്തിൽ പങ്കെടുത്ത 93.6 ശതമാനം താമസക്കാരും ഭയപ്പാടില്ലെന്ന് അഭിപ്രായപ്പെട്ടതായി അധികൃതർ അറിയിച്ചു. 160 രാജ്യക്കാരായ 92,576 പേരാണ് വകുപ്പിന്റെ നാലാമത് സർവേയിൽ പങ്കെടുത്തത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിത നിലവാരം അളക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമൂഹ വികസന വകുപ്പ് സർവേക്ക് തുടക്കമിട്ടത്.

ഈ വർഷത്തെ സർവേയിൽ താമസം, തൊഴിലവസരങ്ങൾ, വരുമാനം, കുടുംബവരുമാനം, ആസ്തി, ആരോഗ്യ-വിദ്യാഭ്യാസ രംഗം, ഭരണ-പാരിസ്ഥിതിക നിലവാരം, സാമൂഹിക-സാംസ്‌കാരിക ഉൾക്കൊള്ളൽ തുടങ്ങിയ 14 പ്രധാന വിഷയങ്ങളായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. മുൻ വർഷങ്ങളിലെ സർവേകളിലായി സ്വദേശികളും പ്രവാസികളുമായ മൂന്നുലക്ഷത്തോളം പേരാണ് പങ്കെടുത്തത്. എമിറേറ്റിലെ ജീവിതനിലവാരത്തെക്കുറിച്ച് സർവേയിൽ പങ്കെടുത്തവർ അഭിപ്രായങ്ങൾ പങ്കുവെച്ചു. നാലു സർവേകളിൽ നിന്ന് ലഭിച്ച ഫലങ്ങൾ തെളിയിക്കുന്നത് അബൂദബിയുടെ മെച്ചപ്പെട്ട നിലവാരമാണെന്ന് വകുപ്പ് ചെയർമാൻ ഡോ. മുഗീർ ഖമിസ് അൽ ഖൈലി പറഞ്ഞു.

34 ശതമാനം പേർ കുടുംബ വരുമാനത്തിൽ തൃപ്തി രേഖപ്പെടുത്തി. 64.7 ശതമാനം പേർ തൊഴിൽ സംതൃപ്തിയും താമസ സൗകര്യങ്ങളിൽ 70.6 ശതമാനം പേരും സന്തുഷ്ടരാണ്. ജീവിത നിലവാരത്തിൽ പത്തിൽ 6.94 പോയന്റാണ് സർവേയിൽ പങ്കെടുത്തവർ നൽകിയത്. സാമൂഹിക ബന്ധങ്ങളിൽ 75.4 ശതമാനം പേരും കുടുംബങ്ങൾക്കൊപ്പം നല്ല സമയം ചെലവിടാൻ കഴിയുന്നതിൽ 73 ശതമാനം പേരും സംതൃപ്തി രേഖപ്പെടുത്തി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply