വാഹനങ്ങൾ മൂലമുണ്ടാകുന്ന കാർബൺ ബഹിർഗമനം കുറക്കുക എന്ന ലക്ഷ്യവുമായി തുടക്കം കുറിച്ച പരിസ്ഥിതി സൗഹൃദ കാറുകള്‍ അജ്മാനിലെ പൊതു ടാക്സി വാഹനവ്യൂഹത്തിൽ സജീവമാകും. അജ്മാനിലെ പൊതു ഉടമസ്ഥതയിലുള്ള ടാക്സികളുടെ ശ്രേണിയിലേക്കാണ് ലോകത്ത് അതിവേഗം വ്യാപിക്കുന്ന പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ കൂടി ചേരുന്നത്. പ്രകൃതി വാതകം, ഹൈബ്രിഡ്, ഇലക്ട്രിക്, ഹൈഡ്രജൻ എന്നിവയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ ഉൾപ്പെടെ നിരവധിതരം പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ നിലവില്‍ അജ്മാന് പൊതുഗതാഗത സംവിധാനത്തില്‍ ഉപയോഗിക്കുന്നുണ്ട്.
ഗതാഗത സുസ്ഥിര പദ്ധതികൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2016 മുതൽ എമിറേറ്റിൽ ടാക്സി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കായി അതോറിറ്റി വലിയൊരു തുക വകയിരുത്തിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ നടപ്പുവർഷത്തില്‍ മൊത്തം ടാക്സി സേവനങ്ങളുടെ വലിയൊരു ശതമാനം വരെ എത്തിയിട്ടുണ്ട്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ 21.4ശതമാനം വർധന രേഖപ്പെടുത്തി. 2,231 പരിസ്ഥിതി സൗഹൃദ വാഹനങ്ങളാണ് ഇപ്പോള്‍ നിരത്തിലോടുന്നത്. എല്ലാ ടാക്സി സേവനങ്ങളും പരിസ്ഥിതി സൗഹൃദ വാഹനങ്ങളാക്കി മാറ്റാനാണ് അജ്മാന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ലക്ഷ്യമിടുന്നത്.
2030 ഓടെ മുഴുവൻ ടാക്സി വാഹനങ്ങളെയും പരിസ്ഥിതി സൗഹൃദ വാഹനങ്ങളാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയിലെ പബ്ലിക് ട്രാൻസ്പോർട്ട് ആൻഡ് ലൈസൻസിങ് കോർപ്പറേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എൻജിനീയർ സമി അലി അൽ ജല്ലാഫ് വ്യക്തമാക്കുന്നു. പൊതുഗതാഗത സംവിധാനങ്ങളില്‍ പ്രകൃതി സൗഹൃദ ഇന്ധനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അന്തരീക്ഷത്തില്‍ കാർബൺ പുറന്തള്ളൽ പരമാവധി കുറക്കുന്നതിനും സമൂഹത്തിന് മികച്ച ജീവിതാന്തരീക്ഷം ഒരുക്കുന്നതിനും കഴിയുമെന്നാണ് അതോറിറ്റി കണക്കാക്കുന്നത്. ഇതോടൊപ്പം അജ്മാൻ പബ്ലിക് ട്രാൻസ്പോർട്ടേഷൻ അതോറിറ്റി ബസുകൾക്കായി സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന 24 പാർക്കിങ് സ്ഥലങ്ങളുള്ള ഒരു ബസ് ടെർമിനലും സ്ഥാപിക്കുന്നുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

