സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനാഘോഷത്തിൽ യുഎഇയും പങ്കുചേർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദം ഊട്ടിയുറപ്പിച്ചു. ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഔദ്യോഗിക-പൊതുതലങ്ങളിലുള്ള യുഎഇയുടെ സജീവ പങ്കാളിത്തം.
യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധത്തിന് ശക്തമായ ചരിത്രമുണ്ട്. അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും, ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവും ചേർന്ന് കെട്ടിപ്പടുത്ത ഈ ബന്ധം പിന്നീട് വന്ന ഭരണാധികാരികളും ശക്തിപ്പെടുത്തി.
നിലവിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദും ചേർന്ന് ഈ ബന്ധം കൂടുതൽ ഉയരങ്ങളിലെത്തിക്കുന്നു. രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക മേഖലകളിൽ ഇരു രാജ്യങ്ങളും ഒരേ നിലപാട് സ്വീകരിക്കുകയും മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും മുൻഗണന നൽകുകയും ചെയ്യുന്നു.

