യു.എ.ഇ. രൂപീകരണത്തിന്റെ ചരിത്രനിമിഷങ്ങൾ ലോകത്തിന് മുന്നിലെത്തിച്ച ‘റോയൽ ഫോട്ടോഗ്രാഫർ’ രമേഷ് ശുക്ല അന്തരിച്ചു. 87 വയസ്സായിരുന്നു . ഒരു വർഷമായി ഹൃദയസംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്ന അദ്ദേഹം, ഒരാഴ്ച മുൻപുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ആരോഗ്യനില അല്പം മെച്ചപ്പെട്ട് വീട്ടിലേക്ക് മടങ്ങിയെങ്കിലും ഞായറാഴ്ച രാവിലെ വീണ്ടും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1965-ൽ മുംബൈയിൽ നിന്ന് ബോട്ടിലാണ് അദ്ദേഹം ദുബായിൽ എത്തിയത്. കൈവശം ഒരു റോളിക്കോർഡ് ക്യാമറയും 50 രൂപയും മാത്രമാണ് ഉണ്ടായിരുന്നത്. 1971 ഡിസംബർ 2-ന് യു.എ.ഇ. രൂപീകരണ ഉടമ്പടിയിൽ ഭരണാധികാരികൾ ഒപ്പുവെക്കുന്ന ചിത്രവും, ഏഴ് എമിറേറ്റുകളിലെയും ഭരണാധികാരികൾ ഒന്നിച്ച് നിൽക്കുന്ന ‘സ്പിരിറ്റ് ഓഫ് ദി യൂണിയൻ’ എന്ന വിഖ്യാത ചിത്രവും പകർത്തിയത് ഇദ്ദേഹമാണ്. ഈ ചിത്രമാണ് പിന്നീട് യു.എ.ഇ.യുടെ ഔദ്യോഗിക ലോഗോയായി മാറിയത്. യു.എ.ഇ.യുടെ നിലവിലെ 50 ദിർഹം നോട്ടിൽ ഉപയോഗിച്ചിരിക്കുന്ന രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ചിത്രവും യൂണിയൻ ചിത്രവും രമേഷ് ശുക്ലയുടേതാണ്.ഔദ്യോഗിക പദവി അല്ലെങ്കിലും, മുൻ ദുബായ് ഭരണാധികാരി ശൈഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമാണ് അദ്ദേഹത്തിന് ഈ വിശേഷണം നൽകിയത്.അദ്ദേഹത്തിന്റെ പതിനായിരക്കണക്കിന് ചിത്രങ്ങളുടെ ശേഖരം നിലവിൽ സായിദ് നാഷണൽ മ്യൂസിയം, ഇത്തിഹാദ് മ്യൂസിയം എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഭാര്യ തരുൺ ശുക്ല, മകൻ നീൽ ശുക്ല (ആർട്ട് ഡയറക്ടർ). അദ്ദേഹത്തിന്റെ ആദ്യകാല ഫോട്ടോകൾ പ്രോസസ്സ് ചെയ്യുന്നതിലും മറ്റും ഭാര്യ തരുൺ വലിയ പങ്കുവഹിച്ചിരുന്നു.

