Headlines

ചൂട് കൂടുന്നു; സംസ്‌കാര ചടങ്ങുകൾക്ക് സമയം പ്രഖ്യാപിച്ച് യു എ ഇ

യുഎഇയിൽ താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ, സംസ്‌കാര ചടങ്ങുകൾ നടത്തുന്നതിന് അധികൃതർ സമയനിയന്ത്രണം ഏർപ്പെടുത്തി. സൂര്യാഘാതം ഒഴിവാക്കാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും രാവിലെയും വൈകുന്നേരവും മാത്രമായി സംസ്‌കാര ചടങ്ങുകളും പ്രാർത്ഥനകളും പരിമിതപ്പെടുത്തണമെന്ന് ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്‌സ് (GAIAE) അഭ്യർത്ഥിച്ചു. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയുള്ള സമയങ്ങളിൽ ചടങ്ങുകൾ ഒഴിവാക്കാനാണ് നിർദേശം.

ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയുള്ള ഈ തീരുമാനത്തിന് സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ചൂടിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനായി പൊതു ഇടങ്ങളിലും പള്ളികളിലും താൽക്കാലിക ഷെഡുകൾ നിർമ്മിച്ചിട്ടുണ്ട്. കനത്ത ചൂട് തുടരുമ്പോഴും, കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്തെ ചിലയിടങ്ങളിൽ മഴ ലഭിച്ചത് ആശ്വാസമായി. ഷാർജയിലും ഖോർഫക്കാനിലുമാണ് നേരിയ മഴ പെയ്തത്. ചില എമിറേറ്റുകളിൽ പൊടിക്കാറ്റ് വീശിയതായും റിപ്പോർട്ടുകളുണ്ട്. പൊടിക്കാറ്റ് തുടരാൻ സാധ്യതയുള്ളതിനാൽ, പുറത്തിറങ്ങുന്നവരും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.

തൊഴിലാളികളുടെ ആരോഗ്യവും തൊഴിൽ അന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനായി യുഎഇ സർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി, സൂര്യപ്രകാശം നേരിട്ടേൽക്കുന്ന പുറം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12:30 മുതൽ 3:00 മണി വരെ നിർബന്ധിത ഉച്ചവിശ്രമം അനുവദിച്ചിട്ടുണ്ട്.

Leave a Reply