Headlines

ഗസ്സയുടെ പുനർനിർമ്മാണത്തിന് 120 കോടി ഡോളർ സഹായം പ്രഖ്യാപിച്ച് യു.എ.ഇ

ഫലസ്തീൻ ജനതയുടെ ദുരിതമകറ്റാനും ഗസ്സയുടെ പുനർനിർമ്മാണത്തിനുമായി 120 കോടി ഡോളറിന്റെ വൻ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധ്യക്ഷതയിൽ വാഷിങ്ടണിൽ ചേർന്ന ‘ബോർഡ് ഓഫ് പീസി’ന്റെ (Board of Peace) ആദ്യ യോഗത്തിലാണ് യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. സമാധാനം, സഹവർത്തിത്വം, പുരോഗതി എന്നിവയിലേക്കുള്ള പാത തുറക്കുകയാണ് ഈ സഹായത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫലസ്തീനായി യു.എ.ഇ ഇതിനകം ഏകദേശം 300 കോടി ഡോളറിന്റെ സഹായം വിവിധ ഘട്ടങ്ങളിലായി നൽകിയിട്ടുണ്ട്. പുതുതായി പ്രഖ്യാപിച്ച 120 കോടി ഡോളർ ‘ബോർഡ് ഓഫ് പീസ്’ വഴി പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും മാനുഷിക സഹായങ്ങൾക്കുമായി വിനിയോഗിക്കും. അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി, യു.എസിലെ യു.എ.ഇ അംബാസഡർ യൂസഫ് അൽ ഉതൈബ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

യു.എ.ഇക്ക് പുറമെ സൗദി അറേബ്യ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളും ഒരു ബില്യൺ ഡോളർ വീതം (100 കോടി ഡോളർ) സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. മേഖലയിലെ സമാധാന ശ്രമങ്ങളിൽ അറബ് രാഷ്ട്രങ്ങളുടെ ശക്തമായ ഇടപെടലായി ഈ നീക്കം വിലയിരുത്തപ്പെടുന്നു. തകർക്കപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ വീണ്ടെടുക്കാനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ഈ വൻ തുക സഹായകമാകും.

Leave a Reply