Headlines

ട്രംപ് അനുയായി ചാർളി കിർക്ക് വെടിയേറ്റ് മരിച്ചു

അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ അനുയായിയും മാധ്യമ പ്രവർത്തകനുമായ ചാർലി കിർക്ക് (31) വെടിയേറ്റ് മരിച്ചു. പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു ആക്രമണം. ട്രംപിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള ചാർലി കിർക്ക് യുവജനസംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സിഇഒയും സഹസ്ഥാപകനുമാണ്.

യൂട്ട വാലി സർവകലാശാലയിൽ ബുധനാഴ്ച നടന്ന ചടങ്ങിനിടെയായിരുന്നു കിർക്ക് ആക്രമിക്കപ്പെട്ടത്. ഡൊണാൾഡ് ട്രംപാണ് സാമൂഹികമാധ്യമങ്ങളിലൂടെ മരണവാർത്ത പുറത്തുവിട്ടത്. അമേരിക്കയിലെ യുവാക്കളുടെ ഹൃദയത്തെ നന്നായി മനസിലാക്കാൻ കഴിഞ്ഞ വ്യക്തിയാണ് ചാർലി കിർക്ക് എന്ന് ഡോണൾഡ് ട്രംപ് അനുസ്മരിച്ചു.

യൂട്ട വാലി സർവകലാശാലയിൽ വച്ച് കിർക്ക് ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ചടങ്ങിനിടെ വെടിയൊച്ച മുഴങ്ങിയതിന് പിന്നാലെ കഴുത്തിന്റെ ഇടതുവശത്തുകൂടി ചോര ഒഴുകുന്ന വിഡിയോ ആണ് പുറത്തുവന്നത്. അക്രമിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

2012-ൽ തന്റെ 18 -ാം വയസിലാണ് ചാർലി കിർക്ക് ടേണിങ് പോയിന്റ് എന്ന സംഘനയ്ക്ക് രൂപം നൽകിയത്. വില്ല്യം മോൺഡ്‌ഗോമെരിയും ചേർന്നായിരുന്നു സംഘടന സ്ഥാപിച്ചത്. പിന്നീട് വലതുപക്ഷ ആക്ടിവിസ്റ്റ് എന്ന നിലയിൽ ശ്രദ്ധേയനായ അദ്ദേഹം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനായി മാറുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രചാരണം നയിച്ചതിൽ ഉൾപ്പെടെ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്.

Leave a Reply