തെക്കൻ ചൈനാ കടലിൽ രൂപംകൊണ്ട ‘വിഫ’ ചുഴലിക്കാറ്റ് ഉഷ്ണമേഖലാ ചുഴലിക്കാറ്റായി മാറി വടക്കൻ വിയറ്റ്‌നാമിൽ കരതൊട്ടു. ഇന്ന് രാവിലെ പത്ത് മണിയോടെ (പ്രാദേശിക സമയം) കരതൊട്ട വിഫ മണിക്കൂറിൽ 102 കിലോമീറ്റർ വേഗതയിലാണ് വീശിയത്. നിലവിൽ തെക്കുകിഴക്ക് ദിശയിലേക്കാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരമെന്ന് പ്രാദേശിക കാലാവസ്ഥാ വിഭാഗം അറിയിച്ചു.
ചുഴലിക്കാറ്റിന്റെ വരവോടെ വിയറ്റ്‌നാമിന്റെ തലസ്ഥാനമായ ഹനോയ് ഏറെക്കുറെ വിജനമായി. ഹനോയിയുടെ കിഴക്കുള്ള ഹങ് യെൻ പ്രവിശ്യയിലെ ചില ഭാഗങ്ങളിൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ജനങ്ങളോട് വീടുകളിൽത്തന്നെ തുടരാൻ സർക്കാർ നിർദേശം നൽകുകയും ചെയ്തു. പ്രളയസാധ്യതയുള്ള മേഖലകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.വിയറ്റ്‌നാമിൽ ഇതുവരെ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, 500 മില്ലിമീറ്റർ വരെ മഴ പെയ്യാനുള്ള സാധ്യത കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നുണ്ട്. അതിഭയങ്കരമായ പ്രളയ സാധ്യത മുന്നിൽക്കണ്ട് ലക്ഷക്കണക്കിന് സൈനികരെ തയ്യാറാക്കി നിർത്തിയതായി അൽജസീറ റിപ്പോർട്ട് ചെയ്തു. വടക്കൻ വിയറ്റ്‌നാമിലുടനീളം വിമാന സർവീസുകൾ റദ്ദാക്കുകയും ഹായ് ഫോങ്, ക്വാങ് നിൻ പ്രവിശ്യ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഇന്ന് രാത്രിയോടെ വിഫ ന്യൂനമർദ്ദമായി ദുർബലമാകുമെന്നാണ് വിലയിരുത്തൽ.
വിഫ ചുഴലിക്കാറ്റ് ഫിലിപ്പീൻസിനെയും കാര്യമായി ബാധിച്ചു. കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ അതിശക്തമായ മഴ ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ വലിയ വെള്ളപ്പൊക്കത്തിന് കാരണമായി. ഇവിടെ അഞ്ചുപേർ മരിക്കുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. മനിലയിൽ സ്‌കൂളുകളും സർക്കാർ ഓഫീസുകളും അടച്ചിട്ടിരിക്കുകയാണ്. മാരികീന നദിയുടെ തീരങ്ങളിൽ താമസിച്ചിരുന്ന 23,000 പേരെയാണ് സുരക്ഷാ കാരണങ്ങളാൽ മാറ്റിപ്പാർപ്പിച്ചത്. വിഫ ചുഴലിക്കാറ്റിൽ അഞ്ചുപേർക്ക് പരിക്കേൽക്കുകയും ഏഴുപേരെ കാണാതാവുകയും ചെയ്തതായി ഫിലിപ്പീൻ നാഷണൽ ഡിസാസ്റ്റർ റിസ്‌ക് റിഡക്ഷൻ ആൻഡ് മാനേജ്‌മെന്റ് കൗൺസിൽ അറിയിച്ചു.പ്രതിവർഷം ഏകദേശം 20-ഓളം ചുഴലിക്കാറ്റുകൾ ഫിലിപ്പീൻസിനെ ബാധിക്കാറുണ്ട്. കാലാവസ്ഥാ വ്യതിയാനം ഇത്തരം ചുഴലിക്കാറ്റുകൾ കൂടുതൽ ശക്തമാകുന്നതിന് കാരണമാകുന്നുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

