ലാറ്റിൻ അമേരിക്കൻ രാഷ്ട്രമായ വെനസ്വേലയിൽ ശനിയാഴ്ച പുലർച്ചെയോടെ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. സൈനിക താവളങ്ങളെയും വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിന് പിന്നാലെ വെനസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരമാണ് ഈ സൈനിക നീക്കമെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വൈറ്റ് ഹൗസോ പെന്റഗണോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
തലസ്ഥാനമായ കാരക്കസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഏഴോളം വൻ സ്ഫോടനങ്ങൾ ഉണ്ടായതായി വെനസ്വേല സർക്കാർ അറിയിച്ചു. കിഴക്കൻ മേഖലയിലെ ഹിഗരറ്റ് ഉൾപ്പെടെ നാല് വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം നടന്നതായാണ് വിവരം. കാരക്കസിന് മുകളിൽ യുഎസ് വിമാനങ്ങൾ വട്ടമിട്ട് പറക്കുന്നതായും ലാ ഗുയ്രായിൽ സ്ഫോടനങ്ങൾ നടന്നതായും സി.എൻ.എൻ, ബി.ബി.സി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആക്രമണത്തെത്തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു.
മയക്കുമരുന്ന് കടത്ത് ആരോപിച്ചും രാജ്യത്തെ എണ്ണ നിക്ഷേപം ലക്ഷ്യമിട്ടും അമേരിക്ക വെനസ്വേലയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. വെനസ്വേലയ്ക്കുള്ളിൽ കയറി ആക്രമിക്കാൻ ഒക്ടോബറിൽ തന്നെ ട്രംപ് സി.ഐ.എയ്ക്ക് നിർദ്ദേശം നൽകിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. മയക്കുമരുന്ന് വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് പ്രസിഡന്റ് നിക്കോളാസ് മഡൂറോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയെങ്കിലും, ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി യുഎസ് സൈനിക നീക്കം നടത്തിയത്. യുഎസ് നടപടിയെ വെനസ്വേല ശക്തമായി അപലപിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

