ആധാറിന്റെ ഔദ്യോഗിക ചിഹ്നം രൂപകൽപ്പന ചെയ്യുന്നതിനായി സംഘടിപ്പിച്ച ദേശീയതല മത്സരത്തിൽ മലയാളിക്ക് അഭിമാന നേട്ടം. തൃശൂർ സ്വദേശിയായ അരുൺ ഗോകുലാണ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. യുണീക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (UIDAI) സംഘടിപ്പിച്ച ചടങ്ങിൽ ചെയർമാൻ നീലകണ്ഠ് മിശ്ര ആധാറിന്റെ പുതിയ ഔദ്യോഗിക ചിഹ്നവും ‘ഉദയ്’ (Uday) എന്ന പേരും പുറത്തിറക്കി. ആധാർ സേവനങ്ങളെക്കുറിച്ചുള്ള ആശയവിനിമയം പൗരന്മാർക്ക് കൂടുതൽ ലളിതമാക്കുന്നതിനും എല്ലാവരെയും ഉൾക്കൊള്ളുന്നതാക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെയ്പ്പാണിതെന്ന് അദ്ദേഹം പറഞ്ഞു.
മൈ ഗവൺമെന്റ് (MyGov) പ്ലാറ്റ്‌ഫോം വഴി നടത്തിയ മത്സരത്തിൽ രാജ്യമെമ്പാടും നിന്നായി 875 എൻട്രികളാണ് ലഭിച്ചത്. വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, ഡിസൈനർമാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്ത മത്സരത്തിലാണ് അരുൺ ഗോകുൽ മികച്ച ഡിസൈനറായി തിരഞ്ഞെടുക്കപ്പെട്ടത്. മഹാരാഷ്ട്രയിലെ പുനെയിൽ നിന്നുള്ള ഇദ്രിസ് ദാവൈവാല രണ്ടാം സ്ഥാനവും ഉത്തർപ്രദേശിലെ ഗാസിപുരിൽ നിന്നുള്ള കൃഷ്ണ ശർമ മൂന്നാം സ്ഥാനവും നേടി. ആധാർ ഒരു പൊതു സേവനമെന്ന നിലയിൽ ജനങ്ങളുമായി എത്രത്തോളം ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് തെളിവാണ് ഈ മത്സരത്തിന് ലഭിച്ച വൻ പ്രതികരണമെന്ന് യുഐഡിഎഐ സിഇഒ ഭുവ്‌നേഷ് കുമാർ അഭിപ്രായപ്പെട്ടു.
പുതിയ ചിഹ്നത്തോടൊപ്പം ‘ഉദയ്’ എന്ന പേര് നൽകുന്നതിനുള്ള മത്സരത്തിൽ ഭോപ്പാലിൽ നിന്നുള്ള റിയ ജെയിൻ ഒന്നാം സ്ഥാനം നേടി. ഇദ്രിസ് ദാവൈവാലയും ഹൈദരാബാദിൽ നിന്നുള്ള മഹാരാജ് ശരൺ ചെല്ലാപിള്ളയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ആധാർ വിവരങ്ങൾ പുതുക്കൽ, ഓഫ്‌ലൈൻ വെരിഫിക്കേഷൻ, വിവരങ്ങൾ പങ്കിടൽ തുടങ്ങിയ സേവനങ്ങളെക്കുറിച്ച് പൗരന്മാരെ എളുപ്പത്തിൽ ബോധവൽക്കരിക്കാൻ ഈ പുതിയ ചിഹ്നവും പേരും സഹായിക്കുമെന്ന് യുഐഡിഎഐ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വിവേക് സി. വർമ വ്യക്തമാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

