ഹാഷിർ ആൻഡ് ടീമിന്റെ ‘എടാ ഹെൽത്തി കുട്ടാ’ എന്ന റീലിലെ ഹിറ്റ് ഡയലോഗ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്. ഈ തരംഗം ഏറ്റുപിടിച്ചുകൊണ്ട്, സ്ട്രേഞ്ചർ തിങ്‌സ് എന്ന പ്രശസ്ത പരമ്പരയുടെ അഞ്ചാം സീസണുമായി ബന്ധപ്പെട്ട് കേരള ടൂറിസം പങ്കുവെച്ച ഒരു ചിത്രവും അതിന് നെറ്റ്ഫ്ലിക്സ് ഇന്ത്യ നൽകിയ കമന്റുമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
സ്ട്രേഞ്ചർ തിങ്‌സിലെ പ്രധാന വില്ലൻ കഥാപാത്രമായ വെക്ന ഇളനീർ കുടിക്കുന്ന രസകരമായ ചിത്രമാണ് കേരള ടൂറിസത്തിന്റെ ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്തത്. ഇതിന് താഴെയാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ഔദ്യോഗിക പേജ് കമന്റുമായെത്തിയത്. ‘എടാ ഹെൽത്തി കുട്ടാ’ എന്നായിരുന്നു അവരുടെ കമന്റ്. ഹാഷിർ ആൻഡ് ടീമിന്റെ റീലിലെ വൈറൽ ഡയലോഗ് നെറ്റ്ഫ്ലിക്സ് ഉപയോഗിച്ചത് നിമിഷനേരം കൊണ്ട് ശ്രദ്ധ നേടുകയും സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചയാവുകയും ചെയ്തു.
അതേസമയം, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്ട്രേഞ്ചർ തിങ്‌സ് അഞ്ചാം സീസൺ ഇന്ന് മുതൽ സ്ട്രീമിങ് ആരംഭിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 6.30 മുതലാണ് സീരീസ് സ്ട്രീമിങ് ആരംഭിച്ചത്. മികച്ച പ്രതികരണമാണ് സീസണിന് ലഭിക്കുന്നത്. സ്ട്രീമിങ് ആരംഭിച്ചപ്പോൾ തന്നെ പലയിടത്തും നെറ്റ്ഫ്ലിക്സ് ക്രാഷ് ആയതായും റിപ്പോർട്ടുകളുണ്ട്. സ്ട്രീമിങ് റെക്കോർഡുകൾ സീരീസ് തകർക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. അഞ്ചാം സീസൺ എട്ട് എപ്പിസോഡുകളായാണ് എത്തുന്നത്; ഇതിലെ ആദ്യ ഭാഗമാണ് നിലവിൽ പുറത്തിറങ്ങിയിരിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

