നടൻ ശ്രീനിവാസന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് പ്രമുഖരും. മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിനിമയുടെ സകല മേഖലകളിലും നായകതുല്യമായ സാന്നിധ്യമായിരുന്ന ഒരു വലിയ പ്രതിഭയെയാണ് നമുക്ക് നഷ്ടമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാരന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും, ഹാസ്യത്തിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ സ്വാധീനിക്കുന്നതിലും ശ്രീനിവാസൻ വിജയിച്ചു. സിനിമയിലെ പഴയകാല മാമൂലുകളെ തകർത്തുകൊണ്ടാണ് അദ്ദേഹം ചുവടുവെച്ചത്. ആക്ഷേപഹാസ്യത്തിലൂടെ സാമൂഹിക കാഴ്ചപ്പാടുകൾ അവതരിപ്പിച്ച അദ്ദേഹം, പ്രവർത്തിച്ച എല്ലാ മേഖലകളിലും സ്വന്തം വ്യക്തിത്വം തെളിയിച്ചു. തന്റെ വ്യക്തിപരമായ നഷ്ടം കൂടിയാണിതെന്നും, പരിശ്രമശാലികൾക്കുള്ള പാഠപുസ്തകമാണ് ശ്രീനിവാസന്റെ ജീവിതമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വി.ഡി. സതീശൻ: കാലത്തിന് മുൻപേ നടന്ന അമൂല്യ പ്രതിഭയായിരുന്നു ശ്രീനിവാസൻ. ദേശീയ നിലവാരമുള്ള ഒട്ടേറെ സിനിമകൾ അദ്ദേഹം സമ്മാനിച്ചു. അദ്ദേഹത്തെ നേരിട്ട് കാണാൻ ആഗ്രഹിച്ചിരിക്കുമ്പോഴാണ് ഈ വിയോഗമെന്നും സതീശൻ പറഞ്ഞു.
എം.കെ. മുനീർ: സിനിമയെ ബുദ്ധിപരമായി സമീപിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും വിയോഗം മലയാളത്തിന് തീരാനഷ്ടമാണെന്നും മുനീർ അനുസ്മരിച്ചു.
ഇ.പി. ജയരാജൻ: സിനിമാ രംഗത്ത് വലിയ സംഭാവനകൾ നൽകിയ അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്ന് ഇ.പി. ജയരാജൻ പറഞ്ഞു.
എം.വി. ഗോവിന്ദൻ: അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും പുതിയൊരു ലോകം പിറക്കണമെന്ന് ആഗ്രഹിച്ച മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. ഗൗരവമുള്ള വിഷയങ്ങൾ സരസമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു.
എം. മുകേഷ്: 43 വർഷത്തെ ദൃഢമായ സൗഹൃദമാണ് ശ്രീനിവാസനുമായി ഉണ്ടായിരുന്നത്. സിനിമയിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത, എല്ലാം വെട്ടിത്തുറന്നു പറയുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേതെന്ന് മുകേഷ് ഓർത്തെടുത്തു.
എ.എൻ. ഷംസീർ: സാധാരണക്കാരുടെ ജീവിതവും സങ്കടങ്ങളും ലളിതമായി അവതരിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം. കേരളത്തിനും സിനിമയ്ക്കും ഇതൊരു വലിയ നഷ്ടമാണ്.
സണ്ണി ജോസഫ്: ഭാവനാസമ്പന്നമായ കഥാപാത്രങ്ങളെ സൃഷ്ടിച്ച ശ്രീനിവാസന്റെ വിയോഗത്തിൽ കോൺഗ്രസിന്റെ ദുഃഖം അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
സത്യൻ അന്തിക്കാട്: രണ്ടാഴ്ച കൂടുമ്പോൾ പോയി കാണുമായിരുന്നു. ഇത്ര വേഗം അദ്ദേഹം യാത്രയാകുമെന്ന് കരുതിയിരുന്നില്ല. അവസാന നിമിഷം വരെ തന്റെ ബുദ്ധിയും ചിന്തയും അദ്ദേഹം കൂർപ്പിച്ചു നിർത്തിയിരുന്നു.
കെ.ബി. ഗണേഷ് കുമാർ: മലയാളത്തിന്റെ ‘ഹാസ്യശ്രീ’ മാഞ്ഞുപോയിരിക്കുന്നു. ഒരു സഹോദരനെ നഷ്ടപ്പെട്ട വേദനയാണെന്നും ഇങ്ങനെയൊരു കലാകാരനെ ഇനി ലഭിക്കില്ലെന്നും ഗണേഷ് കുമാർ വികാരാധീനനായി പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

