സിനിമയുടെ വലിപ്പം നോക്കിയശേഷം പ്രതിഫലം തീരുമാനിക്കൂ: ശിവ കാർത്തികേയൻ

പുതിയ ചിത്രമായ അയലാന്റെ റിലീസിനോടനുബന്ധിച്ചുള്ള പ്രചാരണത്തിരക്കുകളിലാണ് നടൻ ശിവ കാർത്തികേയൻ. ഇതിന്റെ ഭാ​ഗമായി നടത്തിയ ഒരഭിമുഖത്തിൽ തന്റെ പ്രതിഫലത്തേക്കുറിച്ചും സംവിധായകനാവാനുള്ള ആ​ഗ്രഹത്തേക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ശിവ കാർത്തികേയൻ.

കരാറൊപ്പിടുന്നതിനുമുമ്പ് ഓരോ സിനിമയേക്കുറിച്ചും ആഴത്തിൽ മനസിലാക്കുമെന്ന് ശിവ കാർത്തികേയൻ അഭിമുഖത്തിൽ വ്യക്തമാക്കി. കരിയറിന്റെ തുടക്കംതൊട്ടേ ഒരു നിശ്ചിത പ്രതിഫലം വാങ്ങിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓരോ സിനിമയ്ക്കും ഓരോ പ്രതിഫലമാണ് വാങ്ങുന്നത്. നിർമാതാവിന്റെ ശേഷിക്കനുസരിച്ച് പ്രതിഫലം കുറയ്ക്കാറുണ്ട്. സിനിമയുടെ വലിപ്പം നോക്കിയശേഷമാണ് പ്രതിഫലത്തേക്കുറിച്ച് തീരുമാനിക്കൂ എന്നും ശിവ കാർത്തികേയൻ പറഞ്ഞു.

ഡോക്ടർ ഒരു പരീക്ഷണമായിരുന്നു, അയലാൻ വളരെ വ്യത്യസ്തമാണ്. എന്റെ സർഗ്ഗാത്മകമായ ആഗ്രഹങ്ങളും സിനിമയുടെ ബിസിനസും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്താനാണ് ഞാൻ ശ്രമിക്കുന്നത്. ഞാൻ കാരണം എന്റെ നിർമ്മാതാവിന് നഷ്ടം വരരുതെന്ന് എനിക്ക് നിശ്ചയമുണ്ട്. സിനിമയുടെ ബിസിനസിനെ ബാധിക്കാത്ത തരത്തിലേ ഞാൻ പരീക്ഷണം നടത്തൂ. കഴിഞ്ഞ പത്തുവർഷത്തിനിടെയുണ്ടായ സമ്പാദ്യം എന്നുപറയുന്നത് വിജയങ്ങളും പരാജയങ്ങളും ഞാൻ ചെയ്ത തെറ്റുകളുമാണ്. അതെല്ലാമാണ് എന്റെ പാഠങ്ങൾ. ശിവ കാർത്തികേയൻ ചൂണ്ടിക്കാട്ടി.

സിനിമ സംവിധാനം ചെയ്യാനുള്ള ആ​ഗ്രഹത്തേക്കുറിച്ചും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഡോക്ടർ, ബീസ്റ്റ്, ജയിലർ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത നെൽസന്റെ അസിസ്റ്റന്റ് ഡയറക്ടറായി ജോലിനോക്കിയിട്ടുണ്ട്. പക്ഷേ സിനിമയിൽ എത്തിയശേഷമാണ് സംവിധാനം എത്ര ബുദ്ധിമുട്ടാണെന്ന് മനസിലായത്. എങ്കിലും ഒരിക്കൽ സിനിമ സംവിധാനം ചെയ്യണമെന്ന് ആ​ഗ്രഹമുണ്ടെന്നും ശിവ കാർത്തികേയൻ കൂട്ടിച്ചേർത്തു.

2015ൽ പുറത്തിറങ്ങിയ ‘ഇൻട്ര് നേട്ര് നാളൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആർ. രവികുമാർ സംവിധാനംചെയ്യുന്ന ചിത്രമാണ് ‘അയലാൻ’. 24 എ.എം സ്റ്റുഡിയോസിന്റെ ബാനറിൽ ആർ.ഡി. രാജയാണ് അയലാൻ നിർമിക്കുന്നത്. 2024 ജനുവരി 12-ന് പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. കമൽഹാസൻ നിർമിച്ച് രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ശിവ കാർത്തികേയന്റേതായി അണിയറയിലൊരുങ്ങുന്ന മറ്റൊരു ചിത്രം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply