പ്രേമത്തിൽ നായികാ കഥാപാത്രമായി എത്തിയ സായ് പല്ലവി പിന്നീടങ്ങോട്ട് തെന്നിന്ത്യൻ ചലച്ചിത്രരംഗത്തെ തിരക്കുപിടിച്ച നടിയായി. അൽഫോൻസ് പുത്രൻ ചിത്രത്തിൽ ‘മലർ’ എന്ന അധ്യാപികയായെത്തി വലിയ കൈയടി നേടിയ താരം അസാമാന്യ പ്രതിഭയുള്ള നർത്തകികൂടിയാണ്. അവതരിപ്പിക്കുന്ന ഏത് കഥാപാത്രത്തിനും ആത്മാവും മനോഹാരിതയും നിറയ്ക്കാൻ കഴിയുന്നു എന്നത് സായ് പല്ലവിയുടെ പ്രത്യേകതയാണ്.
സായ് പല്ലവിയുടെ പുതിയതായി ഇറങ്ങാനിരിക്കുന്ന ചിത്രം ‘അമരൻ’ ആണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള ഒരു അഭിമുഖത്തിൽ ആ നാളുകളെ ഓർത്തെടുക്കുകയാണ് താരം. ‘അന്ന് അൽഫോൻസ് പുത്രൻ വിളിച്ചു. എനിക്കത് വിശ്വസിക്കാനായില്ല. അതൊരു തട്ടിപ്പ് കോളാണെന്നാണ് ഞാൻ വിചാരിച്ചത്. സിനിമയിൽനിന്ന് ഒരാൾ എന്നിലേക്ക് എത്തുമെന്ന് ഞാൻ വിശ്വസിച്ചിരുന്നില്ല’ സായ് പല്ലവി പറഞ്ഞു.
ആദ്യത്തെ വിളി വരുമ്പോൾ ജോർജിയയിൽ മെഡിക്കൽ വിദ്യാർഥിയായിരുന്നു. കോൾ ആദ്യം വിശ്വസിച്ചില്ലെങ്കിലും പിന്നീട് അഭിനയിക്കാൻ തീരുമാനിച്ചുവെന്നും അവർ പറഞ്ഞു. സിനിമയിലേക്ക് പ്രവേശിക്കും മുൻപ് ഒരു ടാംഗോ നൃത്തപ്രകടനത്തിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. അത് പക്ഷേ, സായ് പല്ലവി വിചാരിച്ച വിധത്തിലായിരുന്നില്ല പ്രേക്ഷകർ ഏറ്റെടുത്തത്. അതോടെ ചെറുവസ്ത്രങ്ങൾ സിനിമകളിൽ ധരിക്കരുതെന്ന തിരിച്ചറിവിലേക്ക് എത്തി. തന്റെ രൂപത്തേക്കാൾ, കഴിവിന് പ്രാധാന്യം ലഭിക്കണമെന്നാണ് സായ് ആഗ്രഹിക്കുന്നത്.
‘ജനങ്ങൾ എന്നെ ഗ്ലാമറിനായി കാണരുതെന്ന് ഞാൻ ആഗ്രഹിച്ചു. പൊതുജനങ്ങൾ എന്നെ കഴിവിന്റെ പേരിൽ കാണണം. ശരീരം കാണാൻ ആഗ്രഹിക്കുന്ന മറ്റൊരുകൂട്ടം പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത്തരം കണ്ണുകൾ എന്നിലേക്ക് വരുന്നത് ഞാൻ ആഗ്രഹിക്കുന്നില്ല’ -സായ് പല്ലവി പറഞ്ഞു.
ഗ്ലാമർ വേഷങ്ങൾ വേണ്ടെന്നുവെച്ചതിന്റെ പേരിൽ കരിയറിൽ വീഴ്ചയുണ്ടായോ എന്നായിരുന്നു അഭിമുഖത്തിലെ തുടർന്നുള്ള ചോദ്യം. ലഭിക്കുന്ന വേഷങ്ങളിൽ സന്തുഷ്ടയാണെന്നും പ്രത്യേക ഗ്ലാമർ ആവശ്യപ്പെടുന്ന വേഷം നഷ്ടപ്പെടുത്തുന്നതിൽ ഒരു സുഖമുണ്ടെന്നും സായ് മറുപടി നൽകി. നല്ല കഥാപാത്രങ്ങൾ ചെയ്യുന്നത് കരിയറിൽ കൂടുതൽ കാലം നിലനിൽക്കാൻ സഹായിക്കുമെന്നും അവർ വ്യക്തമാക്കി. ശിവകാർത്തികേയനൊപ്പമുള്ള അമരൻ ഒക്ടോബർ 31-ന് റിലീസ് ചെയ്യും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

