ഭീഷണിയായി സമുദ്രത്തിലെ ഉയർന്ന താപനില; നീരാളികളുടെ കാഴ്ചശക്തിക്കുറയ്ക്കും എന്ന് പഠനം

ആഗോളതാപനത്തെ തുടര്‍ന്ന് സമുദ്രത്തിലെ താപനില ഉയരുന്നത് നീരാളികളുടെ കാഴ്ചശക്തിയെ ബാധിക്കുമെന്ന് പഠനം. അതുവഴി അവയുടെ അതിജീവന ശേഷി കുറയുമെന്നുമാണ് പഠനം പറയുന്നത്. ഗ്ലോബല്‍ ചേഞ്ച് ബയോളജിയിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നീരാളിയുടെ തലച്ചോറിന്റെ 70 ശതമാനവും കാഴ്ചശക്തിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. പരസ്പരം ആശയവിനിമയം നടത്തുന്നതും, ഇര, വേട്ടക്കാര്‍ എന്നിവയെ തിരിച്ചറിയാനുമെല്ലാം സഹായിക്കുന്നത് കണ്ണാണ്. അതിനാൽ താപനില ഉയരുന്നതു മൂലമുള്ള കാഴ്ച്ചക്കുറവ് ഇവയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകും.

ഗര്‍ഭിണികളായ നീരാളികളും അവയുടെ കുഞ്ഞുങ്ങളും കടുത്ത താപനിലയില്‍ ചത്തൊടുങ്ങുന്നത് ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. നീരാളികളുടെ മുട്ടകളെയും അവയുടെ അമ്മ നീരാളികളെയും 19 ഡിഗ്രി സെല്‍ഷ്യസ്, 22 ഡിഗ്രി സെല്‍ഷ്യസ്, 25 ഡിഗ്രി എന്നിങ്ങനെ വ്യത്യസ്ത താപനിലകളിൽ ക്രമീകരിച്ച് ​ഗവേഷക സംഘം പഠിച്ചു. ഈ പരീക്ഷണങ്ങളിലൂടെ ചൂട് കൂടുന്നതിന് അനുസരിച്ച് കാഴ്ചശക്തിയെ സഹായിക്കുന്ന പ്രോട്ടീനുകളുടെ ഉത്പാദനം ഇവയുടെ ശരീരത്തിൽ കുറയുന്നതായി സംഘം കണ്ടെത്തി. സമുദ്ര താപനില ഇങ്ങനെ ഉയരുന്നത് ഇവരുടെ നാശത്തിന് വഴിയൊരുക്കും എന്നാണ് ​ഗവേഷകർ പറയ്യുന്നത്. ഇപ്പോൾ മ‍‍ൃ​ഗങ്ങളെ അപകടത്തിലാക്കുന്ന ചൂട് താമസിയാതെ മനുഷ്യനും വിപത്താകും എന്നത് മറച്ചുവെയ്ക്കാനാകാത്ത യാഥാർഥ്യമാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply