ചൂഴ്ന്നിറങ്ങുന്ന നോട്ടം, മൂർച്ചയേറിയതും ഒരു അടിവരെ നീളവുമുള്ള കൊക്ക്, ശ്രദ്ധയോടെ പരിസരം വീക്ഷിച്ച് പൊടുന്നനെ പറന്നിറങ്ങി ഇരയെ കൊക്കിലൊതുക്കുന്ന വേട്ടരീതി. പക്ഷികളിലെ ഭയങ്കര വേട്ടക്കാരനായ ഷൂ ബില്ലാണിത്. കിഴക്കൻ ആഫ്രിക്കയിലെ വരണ്ട പ്രദേശങ്ങളും ചതുപ്പുനിലങ്ങളിലുമൊക്കെയാണ് ഇവയുടെ ആവാസകേന്ദ്രം. അഞ്ചടി വരെ നീളം വയ്ക്കുന്ന ഈ പക്ഷികൾക്ക് ഇരയെ എളുപ്പത്തിൽ റാഞ്ചി എടുക്കാൻ ശേഷിയുള്ള ദൃഢമായ കാലുകളുണ്ട്.
മീനുകളെയും ഉരഗങ്ങളെയുമാണ് ഷൂബിൽ സാധാരണ ഭക്ഷിക്കുന്നതെങ്കിലും ഈൽ, പാമ്പുകൾ, മുതല കുഞ്ഞുങ്ങൾ എന്നിവയെയും ഭക്ഷിക്കാൻ ഇവ ഇഷ്ടപ്പെടുന്നതായി പറയുന്നുണ്ട്. പൊതുവെ ഏകാന്തമായി ജീവിക്കുന്ന ഇവ ലോകത്ത് ഏറ്റവും നീളമുള്ള കൊക്കുള്ള മൂന്നാമത്തെ പക്ഷി കൂടിയാണ്. ബാലാനിസെപ്‌സ് എന്ന ജനുസ്സിൽ ഉൾപ്പെട്ട ഒരേയൊരു പക്ഷിയാണ് ഷൂബിൽ. 14.5 കോടി മുതൽ 6.6 കോടി വർഷം മുൻപാണ് ഈ പക്ഷികളുടെ പൂർവികർ ഭൂമിയിൽ ഉദ്ഭവിച്ചതെന്ന് കരുതപ്പെടുന്നു. കാര്യം ആള് വീരശൂരപരാക്രമിയൊക്കെയാണെങ്കിലും വംശനാശ ഭീഷണി നേരിടുന്ന പക്ഷികളാണ് ഷൂബില്ലുകൾ. 5000 മുതൽ 8000 വരെ പക്ഷികളാണ് ഇനി ഭൂമിയിൽ ബാക്കിയുള്ളതെന്നാണ് ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ നൽകുന്ന വിവരം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

