തിമിംഗലങ്ങളെ വ്യക്തികളായി പരിഗണിക്കുന്നതിനുള്ള ചരിത്രപരമായ ഉടമ്പടിയിൽ ഒപ്പുവച്ചിരിക്കുകയാണ് ന്യൂസിലാൻഡ്, താഹിതി, കുക്ക് ദ്വീപുകൾ എന്നിവിടങ്ങളിലെ തദ്ദേശീയ നേതാക്കൾ. പണ്ട് പസഫിക് സമുദ്രത്തിന് കുറുകെ തിമിങ്കലങ്ങൾ അവരുടെ പൂർവ്വികരെ നയിച്ചു. ഇന്ന്, അവർ തിമിങ്കലങ്ങളുടെ സംരക്ഷകരായി സ്വയം കരുതുന്നു. കുക്ക് ദ്വീപുകളിലെ റാർതോൻഗ ദ്വീപിൽ വച്ചാണ് തിമിംഗലങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായിട്ടുള്ള ഈ ഉടമ്പടി ഒപ്പുവച്ചത്. തിമിംഗലങ്ങളെ വ്യക്തികളായി പരിഗണിക്കുന്നതോടെ വ്യക്തികൾക്കായുള്ള അവകാശങ്ങൾ തിമിംഗലങ്ങൾക്കും ലഭിക്കും.
ബ്ലൂ വെയിൽ, സ്‌പേം വെയിൽ , ഓർക്ക, ഹംബാക്ക് എന്നിങ്ങനെ പലതരം തിമിംഗലങ്ങളും മറ്റു ഉപവിഭാഗങ്ങളുമുണ്ട്. ഒരു നൂറ്റാണ്ടിനു മുൻപ് ഏകദേശം ഒരു ലക്ഷത്തോളം നീലത്തിമിംഗലങ്ങൾ സമുദ്രങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ കാലങ്ങളായുള്ള തിമിംഗല വേട്ട, നിരുത്തരവാദപരമായ മത്സ്യബന്ധന രീതികൾ, സമുദ്രപരിസ്ഥിതിയുടെ നാശം എന്നിവ കാരണം ഇവ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇക്കാരണത്താലാണ് തിമിംഗലങ്ങൾക്ക് വ്യക്തി പരിഗണന നൽകി സംരക്ഷണം ഉറപ്പാക്കണമെന്ന ആവശ്യം ഉയർന്നത്. അങ്ങനെയെങ്കിൽ ഇവയെ അപായപ്പെടുത്തുന്നവരെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ കസ്റ്റഡിയിലെടുക്കാനും ശിക്ഷിക്കാനും സാധിച്ചേക്കും. ചലനസ്വാതന്ത്ര്യം, ആരോഗ്യപരമായ അന്തരീക്ഷം, മനുഷ്യർക്കൊപ്പം തന്നെ സുരക്ഷിതമായി ജീവിക്കാനുള്ള അവകാശം എന്നിവ ഈ പരിഗണന ഇവർക്കു നൽകും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

