ഓസ്കർ ജേതാക്കൾക്കായി ഒരുക്കുന്ന അത്യാഡംബര ഉല്ലാസകേന്ദ്രമാണ് ദ് ഷാലറ്റ് സെർമാറ്റ് പീക്. 96ാമത് ഓസ്കർ ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഓസ്കർ പുരസ്കാരം പോലെ തന്നെ പ്രസിദ്ധമാണ് വിജയികൾക്ക് ലഭിക്കുന്ന സമ്മാനങ്ങളും.1,80,000 ഡോളർ മൂല്യം വരുന്ന ഗിഫ്റ്റ് ഹാംപർ അതിലൊന്നാണ്. അതിൽ ഷ്വാങ്ക് ഗ്രിൽസ്, ആഡംബര ബാഗ്, ആഡംബര ശരീര സൗന്ദര്യവർധക വസ്തുക്കൾ എന്നിങ്ങനെ ആരേയും കൊതിപ്പിക്കുന്ന നിരവധി സമ്മാനങ്ങളുണ്ട്.
എന്നാൽ ഇതിലും മൂല്യമുള്ള സമ്മാനം, സ്വിറ്റ്സർലൻഡിലെ സെർമാറ്റ് പട്ടണത്തിലുള്ള ദ് ഷാലറ്റ് സെർമാറ്റ് പീക് എന്ന ഉല്ലാസകേന്ദ്രത്തിൽ മൂന്ന് രാത്രികൾ ചെലവഴിക്കാമെന്നതാണ്. ഇവിടുത്തെ അതിമനോഹരമായ കാഴ്ചകളും സൗകര്യങ്ങളും സഞ്ചാരികൾക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിക്കുന്നത്. ആറു നിലകളിലായാണ് ഈ ഉല്ലാസകേന്ദ്രം നിലകൊള്ളുന്നത്. മഞ്ഞുപുതച്ച വിനോദസഞ്ചാര മേഖലകളിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നവർക്കു നൽകുന്ന പുരസ്കാരമായ വേൾഡ് സ്കി പുരസ്കാരത്തിലെ ബെസ്റ്റ് സ്കി ഷാലറ്റ് പുരസ്കാരം ഷാലറ്റ് സെർമാറ്റ് പീക് സ്വന്തമാക്കിയിട്ടുണ്ട്. ഓസ്കർ സമ്മാനമായി ലഭിക്കുന്ന ക്ഷണത്തിന് ഏകദേശം 50,000 ഡോളറാണ് വിലമതിക്കുന്നത്. ഇത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ജേതാക്കൾക്ക്, ഒമ്പത് അതിഥികൾക്കൊപ്പം ഉല്ലാസകേന്ദ്രം മൂന്നു ദിവസം പൂർണമായും ഉപയോഗിക്കാം. സ്പാ, മസ്സാജ് തെറാപി സേവനങ്ങൾ ഇവിടെ ലഭ്യമാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പാചകക്കാർ തയാറാക്കുന്ന വിവിധ വിഭവങ്ങളും ഇവിടെ അതിഥികളെ കാത്തിരിക്കുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

