ആമസോണിൽ ഓർഡർ ചെയ്തത് എക്സ് ബോക്സ് കണ്ട്രോളർ കിട്ടിയത് ജീവനുള്ള മൂർഖൻ പാമ്പിനെ; ഞെട്ടി ദമ്പതികൾ; മാപ്പു പറഞ്ഞ് ആമസോൺ

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്ക് പകരം സോപ്പും കല്ലും ടൂത്ത് പേസ്റ്റുമൊക്കെ കിട്ടി എന്ന് കേട്ടിട്ടില്ലെ. എന്നാൽ ജീവനുള്ള പാമ്പിനെ തന്നെ കിട്ടിയാലോ? ബെം​ഗളൂരു സ്വദേശികളായ ദമ്പതികൾക്കാണ് ദുരനുഭവം ഉണ്ടായത്. ആമസോണിൽ നിന്ന് ഒരു എക്സ് ബോക്സ് കണ്ട്രോളറാണ് എഞ്ചിനിയർമാരായ ദമ്പതികൾ ഓർഡർ ചെയ്തത്, പക്ഷെ സാധനം കൈയിൽ കിട്ടിയപ്പോൾ അതിനകത്ത് ജീവനുള്ള മൂർഖൻ പാമ്പാണ് ഉണ്ടായിരുന്നത്. പാമ്പ് പാക്കേജിംഗ് ടേപ്പില്‍ കുടുങ്ങിയതിനാല്‍ ദമ്പതികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

ഇതിന്‍റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ദമ്പതികള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ആമസോണിനെ അറിയിച്ചതിനെ തുടര്‍ന്ന് റീഫണ്ട് ലഭിച്ചതായാണ് ദമ്പതികള്‍ പറയ്യുന്നത്. എന്നാല്‍ ആമസോണിന്‍റെ ഭാഗത്തു നിന്നുണ്ടായ അശ്രദ്ധ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് ദമ്പതികള്‍ ആരോപിച്ചു. അതേസമയം, ഉപഭോക്താവിനുണ്ടായ അസൗകര്യത്തിൽ ആമസോൺ ഖേദം പ്രകടിപ്പിച്ചു. വിഷയം പരിശോധിക്കുമെന്നും ആമസോൺ ടീം ദമ്പതികളുമായി ബന്ധപ്പെടുമെന്നും കമ്പനി എക്സിൽ കുറിച്ചു.

Leave a Reply