16 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ആടുജീവിതം തീയറ്ററിൽ എത്തിയിരിക്കുകയാണ്. ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതിനു മുൻപ് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. തന്റെ മകൻ രാജുവിന് ബ്ലെസിയിലൂടെ ഈശ്വരൻ നൽകിയ വരദാനമാണ് ആടുജീവിതം എന്നാണ് മല്ലിക സുകുമാരൻ കുറിച്ചു.
മല്ലിക സുകുമാരന്റെ കുറിപ്പ്
ആടുജീവിതം എന്ന സിനിമ ലോകമെമ്പാടും പ്രദർശനത്തിന് എത്തുകയാണ്. നല്ല കഥകൾ സിനിമയായി വരുമ്പോൾ അവയെ നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കുന്ന പ്രേക്ഷകർ എന്നെയും എന്റെ മക്കളെയും എന്നും മനസ്സാലെ അംഗീകരിച്ചിട്ടുള്ള അഭ്യുദയകാംക്ഷികളോട് ഒന്നേ പറയാനുള്ളു…എന്റെ മകനിലൂടെ നിങ്ങൾ നജീബിനെ കാണണം…ആടുജീവിതം എന്റെ മകൻ രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരൻ നൽകിയ വരദാനമാണ്….പ്രാർഥനയോടെ നിങ്ങളുടെ മുന്നിൽ സമർപ്പിക്കുന്നു.
ബെന്യാമിൻ എഴുതിയ ആടുജീവിതം എന്ന പുസ്തകമാണ് ബ്ലെസി സിനിമയാക്കുന്നത്. 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ചെങ്കിലും വർഷങ്ങളുടെ തയാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. കോവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിങ് വീണ്ടും നീണ്ടു. 30 കിലോയോളം ഭാരമാണ് ചിത്രത്തിനായി പൃഥ്വിരാജ് കുറച്ചത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ആദ്യ റിലീസുകൾ പൂർത്തിയാകുമ്പോൾ മികച്ച അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച് പുറത്തുവരുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

